പാലക്കാട്: നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്‌ക്ക്. യു.എൻ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേർന്നാണ് പുരസ്‌കാരം നൽകുന്നത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്‌കാരം നേടുന്ന ആദ്യ നഗരമാണ് തിരുവനന്തപുരം. ബ്രിസ്‌ബെയിൻ (ആസ്‌ട്രേലിയ), സാൽവഡോർ (ബ്രസീൽ) നഗരങ്ങളാണ് മുൻവർഷങ്ങളിൽ പുരസ്‌കാരം നേടിയത്.
ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ഇന്നലെ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ ശർമ്മയും ഫലകവും ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി. കേരളത്തിനുള്ള ദീപാവലി സമ്മാനമാണിതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
സുസ്ഥിര വികസനം, നഗരസുരക്ഷാ മാനദണ്ഡങ്ങൾ, നഗര ശാക്തീകരണം എന്നിവയ്‌ക്കായി തിരുവനന്തപുരം നഗരസഭ നടത്തിയ തുടർ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ദ്ധരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
വികസനങ്ങൾ ഇങ്ങനെ
17,000 കിലോവാട്ട് സോളാർ പാനൽ സ്ഥാപിച്ചു
2000 സോളാർ തെരുവ് വിളക്കുകൾ
പൊതുഗതാഗതത്തിന് 115 ഇലക്ട്രിക ബസ്
തൊഴിൽ രഹിതർക്കായി 100 ഇലക്ട്രിക്കൽ ഓട്ടോറിക്ഷയും 35 സ്‌കൂട്ടറും
2025 ജൂൺ അഞ്ചിന് നഗരസഭ ട്രിവാൻഡ്രം ക്ലൈമറ്റ് ബജറ്റ് പ്രഖ്യാപിക്കും
അഞ്ഞൂറിലധികം ഓഫീസ് സോളാറാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി ഉടൻ നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |