കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവരുടെ മരണകാരണം ജനറേറ്റിൽ നിന്നുള്ള വിഷപ്പുകയാണെന്ന് കണ്ടെത്തി. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്‌സെെഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനറേറ്റർ വാഹനത്തിന് പുറത്ത് വയ്ക്കാതെ പ്രവർത്തിപ്പിച്ചതാണ് വിഷപ്പുക അകത്ത് കയറാൻ കാരണമായത്.
മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി. പ്രൊഫസർ പി പി അജേഷ് എന്നിവരാണ് കാരവനിൽ പരിശോധന നടത്തിയത്. മലപ്പുറം എടപ്പാളിലെ ലൈഫ്‌ലൈൻ ഹോസ്‌പിറ്റാലിറ്റി കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയൽ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ദേശീയ പാതയോരത്ത് കരവാനിൽ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശിയാണ് മനോജ്. ജോയൽ കണ്ണൂർ പറശേരി സ്വദേശിയും.
കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്‌ച ഒരു കല്യാണത്തിൽ പങ്കെടുക്കുന്നതിലേക്കായി കാരവാനിൽ കണ്ണൂരിലെത്തിച്ചിരുന്നു. ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരിൽ നിന്ന് തിരിക്കുകയും ചെയ്തു. പന്ത്രണ്ടരയോടെയാണ് കരിമ്പനപാലത്ത് റോഡരികിൽ വാഹനം നിറുത്തിയിട്ടത്. തിങ്കളാഴ്‌ച ഉച്ചയോടെ വാഹനം മലപ്പുറത്ത് എത്തേണ്ടതായിരുന്നു.
കാരവാൻ എത്താത്തതിനെത്തുടർന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കരിമ്പനപാലത്ത് നിർത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്. പിന്നാലെ പ്രദേശവാസികളിൽ ഒരാളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവാനിൽ വാതിലിനോട് ചേർന്നായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യിൽ വണ്ടിയുടെ താക്കോൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |