
തിരുവനന്തപുരം: വിഴിഞ്ഞത്തെ 'അസ്‌മാക്" ഹോട്ടലിൽ നിന്നു രാത്രി ഭക്ഷണം കഴിച്ച് മടങ്ങവേ ശാരീരികാസ്വാസ്ഥ്യമുണ്ടായ അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ രാസപരിശോധനാ റിപ്പോർട്ട് പുറത്ത്. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും മറൈൻ ടോക്‌സിൻ ആകാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റുമോർട്ടത്തിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല. കൊല്ലം നിലമേൽ പ്ലാച്ചിയോട് കുന്നിൽവീട്ടിൽ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്.
കണവത്തോരൻ, കൊഞ്ച്ഫ്രൈ, കല്ലുമേക്കായത്തോരൻ, മീൻമുട്ട, കപ്പ, പെറോട്ട, അപ്പം തുടങ്ങിയവയാണ് ഇവർ കഴിച്ചത്. മീൻമുട്ടയിൽ നിന്നുള്ള മറൈൻ ടോക്സിനാകാം മരണകാരണമെന്നാണ് നിഗമനം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ റഷീദയുടെ ആമാശയത്തിൽ മീൻമുട്ടയുടെ അംശങ്ങൾ കണ്ടെത്തിയിരുന്നു.
ഹോട്ടലിലെ മറ്റ് ഭക്ഷ്യസാധനങ്ങളും വെള്ളവും എത്തിച്ചത് തമിഴ്‌നാട്ടിലെ മാർക്കറ്റിൽ നിന്നാണ്. ഇവിടത്തെ സാമ്പിൾ പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുടുംബം കഴിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ ലഭിച്ചിട്ടില്ലെന്നും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് മീൻമുട്ടയിലെ മറൈൻ ടോക്‌സിനാണ് മരണകാരണമായതെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.
ചില മീനുകളുടെ മുട്ടയിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്‌സിൻ പാകം ചെയ്താലും നശിക്കില്ലെന്നും ഇത് മരണത്തിനുവരെ ഇടയാക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മീനുകളിലും കക്കയിനത്തിൽപ്പെട്ട ജീവികളിലും സ്വാഭാവികമായി കാണപ്പെടുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതുമായ വിഷാംശങ്ങളാണ് മറൈൻ ടോക്‌സിൻ. കടലിലെ സൂക്ഷ്മജീവികളിലും ഇത് കാണപ്പെടുന്നു. ഇത് കഴിക്കുന്ന മനുഷ്യരിൽ ഭക്ഷ്യവിഷബാധയുണ്ടാകാനിടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |