
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ ആറുമാസമായി സസ്പെൻഷനിലായിരുന്ന രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ, സ്വയം വിടുതൽ ചെയ്ത് ശാസ്താംകോട്ട ഡി.ബി കോളേജിൽ പ്രിൻസിപ്പലായി ചുമതലയേറ്റു. രജിസ്ട്രാർ പദവിയിലെ ഡെപ്യൂട്ടേഷൻ സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ, സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ, സർവകലാശാല അറിയാതെ സ്വയം വിടുതൽ ചെയ്തത് ചട്ടവിരുദ്ധമാണ്.
ഗുരുതര കൃത്യവിലോപത്തിന് അച്ചടക്കനടപടി നേരിടുന്നതിനാൽ ഡി.ബി കോളേജിൽ ചുമതലയേൽക്കാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് സർവകലാശാല നിർദ്ദേശം നൽകിയിരുന്നു. ഇതവഗണിച്ചാണ് ചുമതലയേറ്റത്. അനിൽകുമാറിനെ പ്രിൻസിപ്പലായി സർവകലാശാല അംഗീകരിക്കില്ലെന്നും ശമ്പളം തടയാൻ നിർദ്ദേശിക്കുമെന്നും അധികൃതർ അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് ഡി.ബി. കോളേജ്.
ഡെപ്യൂട്ടേഷൻ സർക്കാർ റദ്ദാക്കിയെങ്കിലും രജിസ്ട്രാറുടെ സസ്പെൻഷൻ സർവകലാശാല പിൻവലിച്ചാലേ അനിൽകുമാറിന് തിരികെ കോളേജിൽ ജോലിയിൽ പ്രവേശിക്കാനാവുമായിരുന്നുള്ളൂ. സസ്പെൻഷൻ പിൻവലിക്കാൻ അനിൽകുമാർ അപേക്ഷ നൽകിയിട്ടുമില്ല. പകരം 17മുതൽ രജിസ്ട്രാർ തസ്തികയിൽ തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇൻ-ചാർജ് ആർ.രശ്മിക്ക് ഇ-മെയിൽ അയയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോളേജിൽ ചുമതലയേറ്റത്.
ഗവർണറുടെ
പരിഗണനയിൽ
അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ നേരത്തേ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ, സസ്പെൻഷൻ കാലയളവിൽ അനധികൃതമായി ഓഫീസിലെത്തുകയും വാഹനമുപയോഗിക്കുകയും പാസ്പോർട്ട് അപേക്ഷയ്ക്ക് ശുപാർശനൽകുകയും ചെയ്തതിനാൽ തീരുമാനം വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഗവർണറുടെ പരിഗണനയ്ക്കയച്ചു. ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനിടെയാണ് അനിൽകുമാർ സ്വയം വിടുതൽ നേടിയത്.
കാലിക്കറ്റ് സർവകലാശാല സത്യപ്രതിജ്ഞാലംഘനം (ഡെക്ക്)
വൈസ് ചാൻസലർ
ചടങ്ങ് റദ്ദാക്കി
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ (ഡി.എസ്.യു) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയി.
സർവകലാശാല നിർദ്ദേശിച്ച ഔദ്യോഗിക സത്യപ്രതിജ്ഞാവാചകങ്ങൾ ഉപയോഗിക്കാതെ, സ്വന്തം നിലയിൽ സത്യപ്രതിജ്ഞ നടത്താൻ എസ്.എഫ്.ഐക്കാരായ ഭാരവാഹികൾ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് വൈസ് ചാൻസലർ ഇറങ്ങിപ്പോയത്.
സർവകലാശാല തയ്യാറാക്കി നൽകിയ ഔദ്യോഗിക സത്യപ്രതിജ്ഞാവാചകങ്ങൾ ഒഴിവാക്കി സത്യപ്രതിജ്ഞ ചെയ്താൽ അത് നിയമപരമായി നിലനിൽക്കില്ലെന്ന് വൈസ് ചാൻസലർ രണ്ടുപ്രാവശ്യം ഭാരവാഹികളെ അറിയിച്ചിരുന്നു.
സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് ദൃഢപ്രതിജ്ഞയോ ദൈവനാമത്തിൽ പ്രതിജ്ഞയോ സ്വീകരിക്കണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടെങ്കിലും ഭാരവാഹികൾ അത് അംഗീകരിക്കാൻ തയ്യാറായില്ല. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ചടങ്ങ് തുടരാനാകില്ലെന്ന് വ്യക്തമാക്കി. രജിസ്ട്രാർ ദിനോജ് സെബാസ്റ്റ്യനും ചടങ്ങിൽ നിന്ന് പിന്മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |