കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും മുൻ രാജ്യസഭാംഗവും എഴുത്തുകാരനുമായിരുന്ന ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഇന്ന് കൊച്ചിയിൽ ആരംഭിക്കും. ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ ടി.കെ.സി. വടുതല ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്.
എറണാകുളം ടൗൺ ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി ആഘോഷ സമിതി രക്ഷാധികാരി പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും. വ്യവസായമന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണവും മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പുസ്തകപ്രകാശനവും നിർവഹിക്കും. അഡ്വ. പി.കെ. ഹരികുമാർ പുസ്തകം സ്വീകരിക്കും. ഡോക്യുമെന്ററി പ്രകാശനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കും.
തൈപ്പി കണ്ടൻ ചാത്തൻ എന്ന ടി.കെ.സി. വടുതല 1942ൽ ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കാളിയായിരുന്നു. 1944ൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം 1946ൽ മടങ്ങിയെത്തി അയിത്തോച്ചാടന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സഹോദരൻ അയ്യപ്പനുമൊത്തും പ്രവർത്തിച്ചിരുന്നു. കേരള പുലയമഹാജനസംഘം രൂപീകരണത്തിൽ പങ്ക് വഹിച്ചു. കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഞാറയ്ക്കൽ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1985ൽ രാജ്യസഭാംഗമായി. 1988 ജൂലായ് ഒന്നിന് അന്തരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |