തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകൾ. രാജ്യത്തോടുന്ന 23 വന്ദേഭാരത് ട്രെയിനുകളിൽ, മികച്ച പ്രകടനം കാഴ്ചവച്ചത് കാസർകോട്-തിരുവനന്തപുരം ട്രെയിനാണ്. തൊട്ടുപിന്നിലുള്ളത് തിരുവനന്തപുരം- കാസർകോട് വന്ദേഭാരതും. റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിൽ നിലവിൽ ഉൾക്കൊള്ളാവുന്നതിന്റെ ഏകദേശം ഇരട്ടിയോളം ആൾക്കാരാണ് യാത്രചെയ്യാനായി കാത്തിരിക്കുന്നത്.(ഒക്യുപെന്‍സി നിരക്ക് 183 ശതമാനം). തിരുവനന്തപുരം- കാസർകോട് വന്ദേഭാരതിൽ ഒക്യുപെന്‍സി നിരക്ക് 176 ശതമാനമാണ്. മൂന്നാം സ്ഥാനത്തുള്ളത് ഗാന്ധിനഗർ-മുംബയ് സെൻട്രൽ വന്ദേഭാരത് എക്സ്‌പ്രസാണ്. 134 ശതമാനമാണ് ഇതിന്റെ ഒക്യുപെന്‍സി നിരക്ക്.
ഇക്കഴിഞ്ഞ ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾക്ക് പച്ചക്കൊടി കാട്ടിയത്. യാത്രക്കാർ വന്ദേഭാരതിനെ സ്വീകരിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അസ്ഥാനത്താണെന്ന് ആദ്യ ആഴ്ചകളിൽ തന്നെ വ്യക്തമായി. ഏപ്രിൽ ഇരുപത്തെട്ടുമുതൽ മേയ് മൂന്നുവരെ ടിക്കറ്റിനത്തിൽ മാത്രം നേടിയത് 2.7കോടിരൂപയായിരുന്നു. മികച്ച സൗകര്യങ്ങളും വേഗതയുമാണ് വന്ദേഭാരതിനെ യാത്രക്കാർക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. ഇതിനൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും വന്ദേഭാരതിനെ യാത്രക്കാർക്ക് പ്രിയപ്പെട്ടതാക്കി. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |