
തിരുനെല്ലി: 'കദളി ചെങ്കദളി...', 'കാട് കുളിരണ്...' 'നീല പൊന്മാനെ...' വയലാർ രാമവർമ്മ രചിച്ച 'നെല്ല്' എന്ന സിനിമയിലെ മനോഹര ഗാനങ്ങൾ. അവയ്ക്ക് രാമുകാര്യാട്ട് ദൃശ്യഭംഗി നൽകിയത് വയനാട്ടിലെ തിരുനെല്ലിയിലും സുൽത്താൻ ബത്തേരിയിലുമൊക്കെയായിരുന്നു. തിരുനെല്ലിയുടെ മത്തു പിടിപ്പിക്കുന്ന സൗന്ദ്യരം ബാലുമഹേന്ദ്ര ഒപ്പിയെടുത്തപ്പോൾ അതൊരു മനോഹര വിരുന്നായി മാറി.
രാമുകാര്യാട്ട് കെ.ജി. ജോർജിന്റെ സഹായത്തോടെ നെല്ല് ചിത്രീകരിക്കുമ്പോൾ വയലാർ പലതവണ വയനാട്ടിൽ എത്തി ലൊക്കേഷനിൽ സജീവമായി. അച്ഛന്റെ കൈപിടിച്ച് മകൻ ശരത് ചന്ദ്ര വർമ്മയും ഒപ്പമുണ്ടായിരുന്നു. സംഗീത സംവിധായകൻ സലിൽ ചൗധരിയും ലൊക്കേഷനിൽ എത്തിയിരുന്നു.
ലതാമങ്കേഷ്കർ, മന്നാഡേ, കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ, പി.സുശീല, പി.മാധുരി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. കദളി ചെങ്കദളി.. എന്ന ഗാനത്തിലൂടെ മലയാളത്തിൽ ലതാമങ്കേഷ്ക്കർ പാടിയ ഏക പാട്ട് നെല്ലിന് വേണ്ടിയായിരുന്നു. പി. വത്സലയുടെ നെല്ല് എന്ന നോവലാണ് 1974ൽ രാമുകാര്യാട്ട് സിനിമയാക്കിയത്. ചിത്രീകരണ സമയത്ത് തിരുനെല്ലിയിലെ എസ്റ്റേറ്റുകളിലും ചെറിയ വീടുകളിലും സുൽത്താൻ ബത്തേരിയിലും മറ്റുമായിരുന്നു നസീർ, ജയഭാരതി തുടങ്ങിയവരുടെ താമസം.
'രാമുകാര്യാട്ട് പറഞ്ഞു
പാട്ടെഴുതുന്നത് വയലാറാണ്'
''ഒരു ദിവസം രാമുകാര്യാട്ട് വീട്ടിൽ വന്നിട്ട് പറഞ്ഞു. ചെമ്മീനിലൂടെ ഞാൻ കടലിന്റെ കഥ പറഞ്ഞു. ഇനി കാടിന്റെ കഥപറയണം. പാട്ടെഴുതുന്നത് വയലാറാണ്. അതിനു വേണ്ടി അവരുടെ ജീവിതഗന്ധികളായ അറിവുകൾ പകർന്ന് തരണം. വയലാറിന് കൊടുക്കണം. അങ്ങനെ ആദിവാസികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും ഞങ്ങൾ വർഷങ്ങളായി ബുദ്ധിമുട്ടി ശേഖരിച്ച അവരുടെ പാട്ടുകൾ രാമുകാര്യാട്ടുവഴി വയലാറിന്റെ അടുത്തെത്തി. ആ പാട്ടുകൾ വത്സലയ്ക്കും ഏറെ സന്തോഷമായിരുന്നു''- പി. വത്സലയുടെ ഭർത്താവ് എം. അപ്പുക്കുട്ടി മാഷ് ആ ദിനങ്ങൾ ഓർത്തെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |