തിരുവനന്തപുരം:സർക്കാരിന്റെ സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽനിന്ന് വൈസ് ചാൻസലറെ നിയമിക്കാൻ മാത്രമാണ് ഗവർണർക്ക് അധികാരമെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച് കമ്മിറ്റിയുണ്ടാക്കാനുള്ള അധികാരമെന്നും സർക്കാരിന് ഒരു പങ്കുമില്ലെന്നുമാണ് ഗവർണറുടെ നിലപാട്. ഇതോടെ ഗവർണർ-സർക്കാർ പോര് വീണ്ടും രൂക്ഷമായി.
സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സർക്കാരിന്റെ വാദം. കേന്ദ്രവാഴ്സിറ്രികളിൽ രാഷ്ട്രപതിക്കും സമാനമായ അധികാരമാണ്. കേന്ദ്രമാനവ ശേഷി മന്ത്രാലയത്തിന്റെ അഞ്ചംഗ സെർച്ച് കമ്മിറ്റിയുടെ പാനലിലെ ഒരാളെ വിസിറ്ററായ രാഷ്ട്രപതി നിയമിക്കുകയാണ്.
വിസിമാരെ ഉടൻ നിയമിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ, വെറ്ററിനറി വാഴ്സിറ്റിയിലും സർക്കാർ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം വി.സിനിയമനം സർക്കാരിന്റെ അധികാരമാണെന്ന് വ്യാഖ്യാനിച്ചാണിത്. യു.ജി.സി, ഐ.സി.എ.ആർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വെറ്ററിനറി വാഴ്സിറ്റി മാനേജ്മെന്റ് കൗൺസിൽ, സർക്കാർ എന്നിവരുടെ ഓരോ പ്രതിനിധിയാണ് അംഗങ്ങൾ. ഇവരെ നിശ്ചയിച്ചിട്ടില്ല. സസ്പെൻഷനിലുള്ള വി.സി എം.ആർ.ശശീന്ദ്രനാഥിന്റെ കാലാവധി 23ന് അവസാനിക്കും.
വെറ്ററിനറി യൂണി. നിയമപ്രകാരം വി.സിയെ നിയമിക്കേണ്ടത് ചാൻസലറായ ഗവർണറാണ്. ചാൻസലർ, സർക്കാർ, ഐ.സി.എ.ആർ എന്നിവരുടെ പ്രതിനിധികളുള്ള മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് വേണ്ടതും. ഇത് മറികടക്കാൻ യു.ജി.സി ചട്ടപ്രകാരമാണ് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്. വാഴ്സിറ്റി നിയമത്തിലോ യു.ജി.സി റഗുലേഷനിലോ ആരാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതെന്ന് വ്യക്തമാക്കുന്നില്ല. ആ പഴുതിലാണ് സർക്കാർ സെർച്ച് കമ്മിറ്റിയുണ്ടാക്കിയത്.
യു.ജി.സിചട്ടപ്രകാരം സെർച്ച് കമ്മിറ്റിയിൽ ഒരംഗം യു.ജി.സി ചെയർമാന്റെ പ്രതിനിധിയായിരിക്കണം. ഉന്നതവിദ്യാഭ്യാസ വിദഗ്ദ്ധരാവണം അംഗങ്ങൾ.
എന്നാൽ സർവകലാശാലയുമായോ സർക്കാരുമായോ ബന്ധമുള്ളവർ കമ്മിറ്റിയിൽ ഉണ്ടാവരുതെന്ന വ്യവസ്ഥ സർക്കാർ പാലിച്ചിട്ടില്ല.
സർക്കാരിന്റെ ലക്ഷ്യങ്ങൾ
1)സെപ്തംബറിൽ ഗവർണറുടെ കാലാവധി തീരും വരെ വി.സിനിയമനം വൈകിപ്പിക്കുക
2)ഗവർണറെ ഒഴിവാക്കിയാൽ വേണ്ടപ്പെട്ടവരെ സെർച്ച് കമ്മിറ്റി അംഗങ്ങളാക്കാം
3)അഞ്ചംഗ കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമുണ്ടാവും.
4)ആ ബലത്തിൽ 'വേണ്ടപ്പെട്ടവരെ' വി.സിയാക്കാം.
5)വാഴ്സിറ്റി പ്രതിനിധികളില്ലാത്ത ഗവർണറുടെ കമ്മിറ്റികൾ അസാധുവാക്കാം
തിരിച്ചടികൾക്കും പഴുത്
സർക്കാരുമായി ബന്ധമുള്ളവർ കമ്മിറ്റിയിൽ പാടില്ലന്നാണ് യു.ജി.സിചട്ടം. സർക്കാരിന്റെ കമ്മിറ്റിയിൽ മൂന്ന് പേർ സർക്കാരുമായി ബന്ധമുള്ളവരാണ്.
ചാൻസലർ വെറും സ്ഥാനപ്പേരല്ലെന്നും വി. സി നിയമനത്തിൽ ചാൻസലറുടെ തീരുമാനം അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.
റെയിൽവേ നഷ്ടപരിഹാരം
നൽകണം: എ.എ. റഹീം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ.എ.റഹീം എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. റെയിൽവേയ്ക്ക് മാലിന്യസംസ്കരണത്തിന് മാത്രമായി ഒരു വിഭാഗമുണ്ട്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഫലപ്രദമാണോയെന്ന് പരിശോധന വേണം. നാടാകെ ജോയിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ വേറിട്ടു നിന്ന റെയിൽവേയുടെ ശുചീകരണ കരാർ മാനദണ്ഡ പ്രകാരമായിരുന്നോയെന്നും പരിശോധിക്കണം. രക്ഷാപ്രവർത്തന സമയത്ത് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |