SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീങ്ങാത്തത് ക്യൂവിലുള്ള പ്രതികളെ രക്ഷിക്കാനെന്ന് സതീശൻ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണം മുന്നോട്ടു പോകാത്തത് ക്യൂവിലുള്ള പ്രതികളും അറസ്റ്റിലാവുമെന്ന ഭയംകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സി.പി.എമ്മിനും സർക്കാരിനും വേണ്ടപ്പെട്ട പ്രതികളാണ് പുറത്ത് നിൽക്കുന്നത്. സർക്കാർ തന്നെ തകർന്നു വീഴുമെന്ന സ്ഥിതിയിലേക്ക് പോകുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ അനധികൃതമായി ഇടപെടുന്നത്.

പ്രതികൾക്ക് ജാമ്യം കിട്ടുന്നതിൽ ജനങ്ങൾക്കും പ്രതിപക്ഷത്തിനും ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതികളെല്ലാം പുറത്തിറങ്ങിയാൽ എന്തെങ്കിലും തെളിവുകൾ ബാക്കിയുണ്ടാവുമോ.

ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നിഷേധിച്ച പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. നിയമസഭയ്ക്കുള്ളിലെ സമരം യു.ഡി.എഫ് ഒറ്റക്കെട്ടായി സ്വീകരിച്ചതാണ്. പ്രതിപക്ഷത്തിന്റെ ഐക്യവും ടീം യു.ഡി.എഫിന്റെ മുന്നേറ്റവും കണ്ട് അസൂയപൂണ്ടതിനാലാണ് പ്രതിപക്ഷ നേതാവിനെ നേരിടാൻ അഞ്ച് മന്ത്രിമാരെ ഇറക്കിയത്. ഒരു മന്ത്രിയുടെ വകുപ്പ് പറഞ്ഞപ്പോൾ മാറിപ്പോയതിന് തന്റെ സമനില തെറ്റിയെന്നും ഭ്രാന്താണെന്നുമാണ് മന്ത്രി പറഞ്ഞത്. മന്ത്രിമാർ പ്രതിപക്ഷ നേതാക്കളെയോ പ്രതിപക്ഷ എം.എൽ.എമാരെയോ ഇതുപോലെ അധിക്ഷേപിച്ച കാലമുണ്ടായിട്ടില്ല. മന്ത്രിമാർക്ക് അവസരം നൽകിയ സ്പീക്കർ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ഇടപെട്ടതും സതീശൻ ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണക്കൊള്ളയിൽ അകത്ത് കിടക്കുന്നത് മുഴുവൻ സി.പി.എം നേതാക്കളായിട്ടും കോടതി വിധിയുടെ കച്ചിത്തുരുമ്പിൽ പിടിച്ച് തൂങ്ങുന്നത് എന്തിനാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ചോദിച്ചു. ശബരിമലയിലെ സ്വർണം കട്ട കള്ളന്മാരാണ് സി.പി.എം എന്നതാണ് ജനങ്ങളുടെ മനസിലുള്ള ധാരണയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY