SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.06 PM IST

എന്നെന്നും  കണിച്ചുകുളങ്ങര ദേവിയുടെ  ദാസൻ  വെള്ളാപ്പള്ളി

Increase Font Size Decrease Font Size Print Page
vellappally

ചേർത്തല: അറുപത്തിരണ്ട് വർഷമായി കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റ് പദവിയിൽ തുടരുന്ന വെള്ളാപ്പള്ളി നടേശന്റെ ജീവിതം ദേവീ സവിധത്തിൽ സമർപ്പിതമാണ് . ഏതൊക്കെ പദവികളിലും ചുമതലകളിലും എത്തിയാലും എന്നും ദേവീദാസനെന്ന വിലാസമാണ് ഏറ്റവും വലിയ കൈമുതൽ.

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം ഭരിച്ചിരുന്നവരുടെ മാടമ്പി സ്വഭാവം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയപ്പോൾ കമ്മ്യൂണിസ്​റ്റ് പാർട്ടിയുടെ അഭ്യർത്ഥന മാനിച്ച് 1964ലാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭരണ സാരഥ്യം ഏ​റ്റെടുക്കുന്നതിന് മുമ്പുതന്നെ, ക്ഷേത്രസങ്കേതങ്ങൾ ആത്മീയതയും ഭൗതീകതയും ഒന്നിച്ചു വളർത്തേണ്ടതാണെന്നുള്ള ലക്ഷ്യ ബോധത്തോടെയുള്ള പ്രവർത്തനമാണ് വെള്ളാപ്പള്ളി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടത്തിയിരുന്നത്. ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്കുവേണ്ടി മാറ്റിവയ്ക്കാൻ തീരുമാനമെടുത്തുകൊണ്ട് വ്യവസ്ഥകളും ആചാരങ്ങളും സാധാരണക്കാരന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കുവേണ്ടി മാറ്റിയെഴുതി.

വിദ്യാഭ്യാസസഹായത്തിനു പുറമേ ചികിത്സാ സഹായം, മരണാനന്തരസഹായം, പെൺകുട്ടികൾക്ക് മംഗല്യനിധി, അംഗങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ,കല്യാണത്തിന് സൗജന്യമായി ക്ഷേത്ര ഓഡി​റ്റോറിയവും മറ്റും നൽകുക,സമൂഹ വിവാഹങ്ങൾ, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, പ്രതിഭകളെ ആദരിക്കൽ...അങ്ങനെ നീളുന്നു ക്ഷേമപ്രവർത്തനങ്ങൾ.

സാധാരണക്കാരുടേയും സ്ത്രീജനങ്ങളുടേയും പേടിപ്പെടുത്തുന്ന ഓർമ്മയായ വേലപടയണി എന്ന ദുരാചാരം നിർത്തലാക്കി, ആകർഷകമായും ഭക്തി നിർഭരമായും ഉത്സവം സംഘടിപ്പിക്കുന്നതിന് വെള്ളാപ്പള്ളി സ്വീകരിച്ച നടപടി പ്രശംസനീയമാണ്. ക്ഷേത്രത്തിൽ ഗുരുമന്ദിരം സ്ഥാപിച്ചാണ് ഈ ദുരാചാരത്തെ എന്നെന്നേയ്ക്കുമായി തുടച്ചു നീക്കിയത്.

ക്ഷേത്ര കളിത്തട്ടിൽ 14 കുട്ടികളുമായി തുടങ്ങിയ വിദ്യാലയം ഇന്ന് 1800ലധികം കുട്ടികളും നൂറിലേറെ അദ്ധ്യാപകരുമുള്ള വലിയ സ്ഥാപനമായി വളർന്നു. ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാനുള്ള അനുമതിയും നൽകി വെള്ളാപ്പള്ളി ചരിത്രത്തിന്റെ ഭാഗമായി. ആചാരങ്ങൾ നടപ്പിലാക്കി ദുരാചാരങ്ങൾ ഇല്ലാതാക്കുകയായിരുന്നു വെള്ളാപ്പള്ളി .

പ്രളയത്തി​ലും താങ്ങായി​

2018ലെ പ്രളയകാലത്ത് കുട്ടനാട്ടിലെ 10000 ത്തോളം പേർക്ക് മാസങ്ങളോളം താമസമൊരുക്കി താങ്ങും തണലുമായി നിന്നത് കണിച്ചുകുളങ്ങര ക്ഷേത്രമാണ്.കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം കൊടുത്തത് വെള്ളാപ്പള്ളിയാണ്. ഓണക്കോടിയും കൈനീട്ടവും നൽകിയാണ് മടക്കിയയച്ചത്. സംസ്ഥാന ടൂറിസം വകുപ്പ് അഞ്ചര കോടി രൂപ മുടക്കി ക്ഷേത്രത്തിന് നിർമ്മിച്ച് നൽകിയ പിൽഗ്രിം സെന്റർ വെള്ളാപ്പള്ളിയുടെ നേട്ടങ്ങളുടെ പട്ടികയിൽ പ്രധാനമാണ്. 11000 ചതുരശ്ര അടി വിസ്തീർണത്തിൽ പൂർത്തിയാക്കിയ നടപ്പന്തൽ കേരളത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയതാണ്.

TAGS: VELLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY