
കോതമംഗലം : മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസായിരുന്നു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു.പിതാവിന്റെ വഴി പിന്തുടർന്നാണ് സ്റ്റീഫൻ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കെത്തിയത്. പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ നിലയുറപ്പിച്ചെങ്കിലും പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലെത്തുകയായിരുന്നു.
തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. ഏറെക്കാലം ഒളിവിൽ കഴിഞ്ഞിരുന്ന സ്റ്റീഫനെ 1971ൽ അറസ്റ്റുചെയ്തു. അന്ന് കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിയായിരുന്നു സ്റ്റീഫൻ. പിന്നാലെ ജയിലിൽവച്ചുതന്നെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചു.
'പാകതവരാത്ത ചെറുപ്പമായതിനാൽ വിപ്ലവം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നു'എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇടക്കാലത്ത് സുവിശേഷ പ്രവർത്തനത്തിലേക്കും മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |