
കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് കരിങ്ങമണ്ണ വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ബാബു കുടുക്കിലിനായി പ്രചാരണം ശക്തം. പക്ഷേ, സ്ഥാനാർത്ഥി ഒളിവിലാണ്. ഫ്രഷ് കട്ടിനെതിരെ സമരം ചെയ്ത കേസിൽ താമരശ്ശേരി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് കാരണം.
11-ാം വാർഡിലാണ് മത്സരിക്കുന്നത്. സൈനുൽ ആബിദീൻ എന്നാണ് എഴുത്തുകുത്തിലെ പേര്. കട്ടിപ്പാറയിലെ കോഴിയറവ് മാലിന്യ സംസ്കരണ ഫാക്ടറിക്ക് മുന്നിൽ ഒക്ടോബർ 21ന് നടന്ന സമരം അക്രമത്തിൽ കലാശിച്ചിരുന്നു. ജനക്കൂട്ടം ഫാക്ടറിക്ക് തീയിടുകയും ചെയ്തു. ഗൂഢാലോചനാ കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയത്. പത്രിക സമർപ്പിച്ച ശേഷമാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.
ബാബു ഉൾപ്പെടെ സമരസമിതിയിലെ പ്രധാനികൾക്കായി രാത്രിയിലും വീട് കയറി പൊലീസ് റെയ്ഡ് നടത്തി. തുടർന്ന് ഒളിവിലിരുന്നും ബാബു പ്രതികരിച്ചിരുന്നു. അതിനിടെയാണ് ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം ഹാഫിസ് റഹ്മാൻ വഴി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
വിമതനും രംഗത്ത്
ബാബുവിനെതിരെ വിമതനായി കോൺഗ്രസ് താമരശ്ശേരി ബ്ളോക്ക് വെെസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോട് മത്സരിക്കുന്നു. ബാബു കുടുക്കിൽ ചെയർമാനായ ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ സജീവ പ്രവർത്തകനുമാണ്. സീറ്റ് വീതം വച്ചതിൽ കോൺഗ്രസ് നേതൃത്വത്തോടുള്ള എതിർപ്പിനെ തുടർന്നാണ് മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |