തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനുമായി പോരിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്ഭവനിലെത്തി പുതിയ ഗവർണർ ആർലേക്കറുമായി സൗഹൃദ സംഭാഷണം നടത്തി. ഭാര്യ കമലയ്ക്കൊപ്പം വൈകിട്ട് ആറരയോടെയാണ് എത്തിയത്. 25 മിനിറ്റ് ഗവർണർക്കൊപ്പം ചെലവിട്ടു.
രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ, എന്നും രാവിലെ പ്രഭാത സവാരിക്ക് രാജ്ഭവനിലെത്താൻ മുഖ്യമന്ത്രിയെ ഗവർണർ ക്ഷണിച്ചു. നടക്കാൻ താനും കൂടാമെന്നും ഗവർണർ പറഞ്ഞു. ഇതിന് മുഖ്യമന്ത്രി ചിരിച്ചു, മറുപടി പറഞ്ഞില്ല.
പൂച്ചെണ്ടും കഥകളി രൂപവും നൽകയാണ് മുഖ്യമന്ത്രിയെയും ഭാര്യയെയും ഗവർണർ സ്വീകരിച്ചത്. സാരിയും സുഗന്ധവ്യജ്‌ഞനങ്ങളുമടക്കം മുഖ്യമന്ത്രിയും കൈമാറി. തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ നടത്തുന്ന അറ്റ് ഹോം സത്കാര പരിപാടിയിലേക്ക് ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പരിപാടിക്കായി 800പേരെ ക്ഷണിക്കും. ചടങ്ങിന്റെ ചെലവിനായി 20ലക്ഷം രൂപ സർക്കാർ നൽകും.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി ആദ്യവർഷങ്ങളിൽ സൗഹാർദ്ദപരമായാണ് നീങ്ങിയത്. ഇരുവരും ചേർന്ന് കേക്ക് മുറിക്കുകയും മുഖ്യമന്ത്രിക്ക് കാശ്മീരിലെ വിലയേറിയ കുങ്കുമപ്പൂവിട്ട ചായപ്പൊടി ഖാൻ സമ്മാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ബന്ധം മോശമായതോടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കല്ലാതെ മുഖ്യമന്ത്രി രാജ്ഭവനിൽ എത്തുമായിരുന്നില്ല. ഒരേ വേദിയിൽ മുഖാമുഖം നോക്കുന്നത് ഒഴിവാക്കിയും ഒരക്ഷരം മിണ്ടാതെയം ഇരുവരും മുഖംവീർപ്പിച്ചിരുന്നു. ഖാന് യാത്രഅയപ്പ് പോലും നൽകിയില്ല. മുഖ്യമന്ത്രിയെ വിമർശിച്ച് ഖാൻ രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തുക പോലുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |