ആലപ്പുഴ: വയനാട്ടിൽ നാല് വോട്ടുകിട്ടാനാണോ അതോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ ഓർമ്മിപ്പിച്ച് വോട്ട് കളയാനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി ജി. സുധാകരന്റെ ചോദ്യം.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ജി.ഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമങ്ങളുടെ പുകഴ്ത്തൽ കേട്ട് ആരും തുള്ളരുത്. പ്രിയങ്കയുടെ മൂക്ക് ഇന്ദിരാഗാന്ധിയുടെ കൂട്ടാണ്. മുഖം അതുപോലാണ്. മാദ്ധ്യമങ്ങളോട് ആരെങ്കിലും ശരീരശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ.അതാണോ മാദ്ധ്യമങ്ങളുടെ ജോലി. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണോ രാഷ്ട്രീയക്കാരെ ജനം സ്നേഹിക്കുന്നത്. ഒരുപാട് സൗന്ദര്യമുള്ളവരെ ജനത്തിന് ഇഷ്ടമല്ല. എയർ
കണ്ടീഷനിൽ മുഖമൊക്കെ വച്ച് ടെലിവിഷന് മുമ്പിൽ പ്രസംഗിക്കുന്ന നേതാക്കൻമാരുണ്ടാകാം. ജനങ്ങൾക്ക് അവരെ ഇഷ്ടമല്ല. മുടിയൊക്കെ കുറച്ചൊന്ന് ഇളകി, വിയർപ്പൊക്കെ ഒഴുകി പാവപ്പെട്ടവന്റെ അടുത്ത് പോയതാണെന്ന് തോന്നണ്ടേ. സുഖജീവിതമാണോ രാഷ്ട്രീയം. പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്. സംസാരിക്കാനറിയാം. അവർ രക്ഷപ്പെടട്ടെ. അതിനവർക്ക് ഇന്ദിരാ ഗാന്ധിയുടെ മൂക്കാണെന്നൊക്കെ പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നതെന്തിനാ? അവിടെ പ്രിയങ്ക ജയിക്കാൻ സാദ്ധ്യതയുണ്ട്. സോണിയാവരുന്നു, പ്രിയങ്ക വരുന്നു, പ്രിയങ്കയുടെ മകളും വരുന്നു. കുടുംബം എന്നുള്ള അർത്ഥത്തിലല്ലാതെ അവർക്ക് മൂവ് ചെയ്യാൻ പറ്റുന്നില്ല. അത് തെറ്റല്ലേ. കുടുംബവാഴ്ചയല്ലേ- ജി.സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |