തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ ഡോക്ടർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. നഷ്ടപരിഹാരം അടക്കം തുടർനടപടികൾ അതിനു ശേഷമാവും തീരുമാനിക്കുക. യുവതിക്ക് വിദഗ്ദ്ധ തുടർ ചികിത്സ സൗജന്യമായി നൽകും. ഗൈഡ് വയർ നീക്കം ചെയ്യാനും നടപടിയുണ്ടാവും. പിഴവ് അന്വേഷിക്കാൻ ആർ.സി.സി, ശ്രീചിത്ര, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ചികിത്സാ രേഖകളെല്ലാം സമിതി പരിശോധിച്ചെങ്കിലും പൂർണമായ നിഗമനത്തിലെത്താനായിട്ടില്ല. അതിനാൽ ആർ.സി.സിയിലെ ചികിത്സാ രേഖകൾ കൂടി പരിശോധിക്കും.
ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ചികിത്സാ ചെലവ് അടക്കം സർക്കാർ വഹിക്കും. 2023ൽ തൈറോയ്ഡുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയയായ കാട്ടാക്കട സ്വദേശനിയുടെ നെഞ്ചിലാണ് ഗൈഡ് വയർ കുടുങ്ങിയത്. പിന്നീടു നടത്തിയ നടത്തിയ പരിശോധനയിൽ കാൻസറാണെന്നു കണ്ടെത്തി. ആർ.സി.സിയിലെ പരിശോധനയുമായി ബന്ധപ്പെട്ട് എക്‌സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത് ശ്രദ്ധയിൽപെട്ടത്. ഗൈഡ് വയർ നീക്കം ചെയ്യൽ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ മാത്രമേ നടക്കുകയുള്ളുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവിടത്തെ ഡോക്ടർമാരെയും വിദഗ്ദ്ധസമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. ചികിത്സാ പിഴവ് അതീവഗൗരവമായാണ് കാണുന്നതെന്നും സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |