തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ചതിയുടെ പത്മവ്യൂഹം എന്ന ആത്മകഥയിലൂടെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ അന്വേഷണ വിധേയമാക്കേണ്ട ഗുരുതര സ്വഭാവമുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.
അധികാരത്തിന്റെ തണലിൽ സംസ്ഥാനത്തെ ഉന്നതർ നടത്തിയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുമ്പസാരമാണ് പ്രതികളിലൊരാളായ സ്വപ്നയുടെ ആത്മകഥ. ഒരിക്കൽ ബിരിയാണിചെമ്പ് തുറന്ന് കുറച്ച് കാര്യങ്ങൾ സ്വപ്ന പറഞ്ഞിരുന്നു. തുടർന്ന് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അപ്രതീക്ഷിത നീക്കങ്ങളും ആരോപണം ഉന്നയിക്കുന്ന സ്വപ്നയെ നിശബ്ദമാക്കാനുള്ള ചില നടപടികളും സ്വർണ്ണക്കടത്ത് കേസിലെ വിവാദ നായകനായ എം.ശിവശങ്കറെ വെള്ളപൂശി അധികാര കസേരയിൽ പ്രതിഷ്ഠിച്ചതിലെ വ്യഗ്രതയും കൂട്ടിവായിക്കുമ്പോൾ സ്വപ്നയുടെ തുറന്നുപറച്ചിലുകൾ വെറുതെയങ്ങ് തള്ളിക്കളയാൻ കഴിയുന്നവയല്ലെന്ന് കേരളീയ സമൂഹത്തിന് ബോധ്യമായെന്നും സുധാകരൻ പറഞ്ഞു.
പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി പലപ്പോഴും സത്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണ്. മകൾക്കെതിരായ ആരോപണത്തെ തുടക്കം മുതൽ വൈകാരികമായി നിയമസഭയ്ക്കകത്തും പുറത്തും നേരിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മകളെയും കുടുംബത്തെയും പൊതുജനമധ്യത്തിൽ ആക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണം പ്രതികളിലൊരാളായ സ്വപ്ന അച്ചടിച്ച് വിതരണം ചെയ്തിട്ടും അതിനെ നിയമപരമായി നേരിടാനുള്ള ആത്മധൈര്യം പിണറായി വിജയൻ ഇതുവരെ കാട്ടാത്തത് ദുരൂഹവും ചില സംശയങ്ങൾ ബലപ്പെടുത്തുന്നതുമാണെന്നും സുധാകരൻ പറഞ്ഞു.
സ്പ്രിംഗളർ ഇടപാടിലൂടെ കോടികൾ മകൾക്ക് കമ്മീഷൻ ലഭിച്ചെന്ന ആരോപണം ശക്തമായി സ്വപ്ന ഉന്നയിക്കുമ്പോൾ അത് തെറ്റാണെന്ന് അസന്നിഗ്ധമായി തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അല്ലാതെ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വന്നില്ലെന്ന് വാദിച്ച് പ്രതിരോധിച്ചിട്ട് കാര്യമില്ല. സ്പ്രിംഗളർ ഇടപാടിൽ പ്രതിപക്ഷ ആരോപണം ശരിവെച്ച മാധവൻ നമ്പ്യാർ സമിതിയുടെ റിപ്പോർട്ട് അട്ടിമറിച്ച് ശശിധരൻ നായരുടെ നേതൃത്വത്തിൽ രണ്ടാമതൊരു ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ച് ശിവശങ്കറിനെയും കരാറിനെയും പ്രശംസിച്ച് മംഗളപത്രം തയ്യാറാക്കിയതും കൃത്യമായ തിരക്കഥയുടെ ഭാഗമാണ്.
സർക്കാർ പരിരക്ഷയോടെ സംരംഭകയും ആരോപണ വിധേയയുമായ മകളെയും കൂട്ടി മുഖ്യമന്ത്രിയുടെ ഉല്ലാസ വിദേശയാത്ര യാദൃശ്ചികമെന്ന് കരുതാൻ കഴിയില്ല. വിദേശയാത്രയിലെ മകളുടെ സാന്നിധ്യവും ഉദ്ദേശശുദ്ധിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. സ്വർണ്ണക്കടത്തിനും ഡോളർകടത്തിനും സ്പ്രിംഗളർ,ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള മറ്റുക്രമവിരുദ്ധമായ ഇടപാടുകൾ നടത്തുന്നതിനും മുഖ്യസൂത്രധാരനെന്ന് ആരോപണം നേരിടുന്ന എം.ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നിൽ മകളോടുള്ള അമിത വാത്സല്യമാണെന്ന അരമന രഹസ്യം അങ്ങാടിപാട്ടാണെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ ശിവശങ്കറെ ഔദ്യോഗിക പദവികളിൽ നിന്നും മാറ്റിനിർത്തണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |