SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

'സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് അദ്ദേഹത്തിന് തീർന്നിട്ടില്ല'; സുനിൽകുമാറും അതേ തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
k-surendran

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വിഎസ് സുനിൽകുമാറിന് തീർന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തൃശൂർ മേയർക്ക് സുരേന്ദ്രൻ കേക്ക് നൽകിയതുമായി ബന്ധപ്പെട്ട് സുനിൽകുമാർ നടത്തിയ വിമർശനത്തിന് മറുപടിയായിട്ടാണ് കെ സുരേന്ദ്രന്റെ പ്രസ്‌താവന.

ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും താൻ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സുനിൽകുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ പോയി താൻ ചായ കുടിച്ചിട്ടുണ്ടെന്നും. സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട്ടിൽ സുനിൽകുമാറും വന്നിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെയെന്നും സുനിൽകുമാർ എന്നും തന്റെ നല്ലൊരു സുഹൃത്തായിരിക്കുമെന്നും സുരേന്ദ്രൻ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലോകസഭാ തെരഞ്ഞെടുപ്പിൽ ശ്രീ. സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് ശ്രീ. വി. എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോൾ. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും. സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ....

TAGS: TRISSUR ELECTION, CAKE CONTROVERSY, K SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY