തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്ന് രാജി വച്ച ദേശീയ നിർവാഹക സമിതി അംഗം കെ.എ.ബാഹുലേയൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ഇന്നലെ എ.കെ.ജി സെന്ററിൽ കൂടിക്കാഴ്ച നടത്തി. ഇനി സി.പി.എമ്മിനൊപ്പമായിരിക്കും തന്റെ പൊതുപ്രവർത്തനമെന്ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ അദ്ദേഹം വ്യക്തമാക്കി.
ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒ.ബി.സി മോർച്ചയെ മാത്രം ബി.ജെ.പി ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷമായിരുന്നു ബാഹുലേയന്റെ രാജി. ഇന്നലെ ഉച്ചയോടെ മേട്ടുക്കടയിലുള്ള സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ബാഹുലേയനെ ജില്ലാ സെക്രട്ടറി വി.ജോയ്, എം.എൽ.എമാരായ ഡി.കെ.മുരളി, ജി.സ്റ്റീഫൻ എന്നിവർ ചേർന്നു സ്വീകരിച്ചു. മൂന്ന് മണിയോടെ ഇവർക്കൊപ്പം എ.കെ.ജി സെന്ററിലെത്തിയ ബാഹുലേയനെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വീകരിച്ചു.
ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു സന്യാസിയാക്കി വർഗീയ മുതലെടുപ്പ് നടത്താനും ബി.ജെ.പി നടത്തുന്ന ശ്രമങ്ങളിൽ മനം നൊന്താണ് താൻ പാർട്ടി വിട്ടതെന്ന് ബാഹുലേയൻ പറഞ്ഞു.സ്ഥാനമാനങ്ങൾ തനിക്ക് പ്രശ്നമല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമേ ഗുരുദർശനം സംരക്ഷിക്കാൻ സാധിക്കൂ. ഡൽഹിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാന സർക്കാർ ഗുരുദേവന്റെ ഫ്ളോട്ട് തയ്യാറാക്കിയെത്തിച്ചെങ്കിലും, അത് മാറ്റി ശങ്കരാചാര്യരുടെ ഫ്ളോട്ടാണ് ഉൾപ്പെടുത്തിയത്. അന്നേ ബി.ജെ.പിയുടെ രീതിയിൽ അതൃപ്തി തോന്നിയിരുന്നതാണ്. സംഘടനയിലും തനിക്ക് താത്പര്യമുള്ള ചുമതലകളല്ല നൽകിയിരുന്നത്. ആദ്യം പിന്നാക്ക സമുദായ മോർച്ചയുടെ ജനറൽ സെക്രട്ടറിയാക്കി. പിന്നീട് കർഷക മോർച്ച വൈസ് പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമാക്കി. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമാക്കി. ഗുരുദർശനത്തോട് വലിയ മമത കാട്ടാത്ത ബി.ജെ.പി ന്യൂനപക്ഷ വിരോധം വളർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |