
തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി ഉൾപ്പെടുത്തി പൊലീസ്.ഇന്നലെ മൂന്ന് കേസിലും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. രണ്ട് കേസിൽ ജാമ്യം ലഭിച്ചു.ഒരു കേസിൽ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.നേരത്തേ രാഹുലിനെ 22 വരെ റിമാൻഡ് ചെയ്തിരുന്നു.നിലവിൽ രാഹുലിന്റെ റിമാൻഡ് കാലാവധി 30 വരെ നീട്ടി.രാഹുലിന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണിത്.
കോൺഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാർച്ചിന്റെ പേരിലാണ് മ്യൂസിയം പൊലീസ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതും റിമാൻഡ് ചെയ്തതും.ഇന്നലെയാണ് എഫ്.ഐ.ആറിൽ രാഹുലിന്റെ പേരു കൂടി മ്യൂസിയം പൊലീസ് ചേർത്തത്.കഴിഞ്ഞ മാസം 20ലെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ രണ്ട് പൊലീസ് ബസ് അടിച്ചു തകർത്തതിനാണ് കന്റോൺമെന്റ് പൊലീസിന്റെ രണ്ട് കേസ്.രണ്ട് കേസിലും രാഹുലിന് കോടതി ജാമ്യം അനുവദിച്ചു.പൊതുമുതൽ നശിപ്പിച്ചു എന്നടക്കമുള്ള കുറ്റങ്ങളാണ് രാഹുലിനെതിരേ ചുമത്തിയത്. ജില്ലാ ജയിലിൽ വച്ച് കന്റോൺമെന്റ് പൊലീസ് രണ്ടുകേസുകളിലും മ്യൂസിയം പൊലീസ് ഒരു കേസിലും അറസ്റ്റ് രേഖപ്പെടുത്തി. .
പൊലീസ് ഹാജരാക്കിയ ആരോഗ്യ വൈദ്യ പരിശോധനാ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാഹുൽ ജാമ്യ ഹർജി ഫയൽ ചെയ്തത്.
കഴിഞ്ഞ 20ന് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമത്തെ തുടർന്നാണ് കന്റോൺമെന്റ് പൊലീസ് രാഹുലിന്റെ പേരിൽ കേസെടുത്തത്.ഇതിൽ നാലാം പ്രതിയാണ് രാഹുൽ. ഈ കേസിലാണ് കഴിഞ്ഞ ഒൻപതിന് പുലർച്ചെ അടൂരിലെ വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇതിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടക്കുന്ന നൈറ്റ് മാർച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |