
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ ആദ്യഘട്ടം പൂർത്തിയാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പുറത്തായത് 24,08,503 പേർ. 8.65 ശതമാനം. വോട്ടർമാർ 2,54,42,352 പട്ടികയിൽ ഉൾപ്പെട്ടു. എസ്.ഐ.ആർ തുടങ്ങുന്നതിന് മുമ്പ് ഒക്ടോബർ 25 വരെയുണ്ടായിരുന്ന പട്ടികയിലുണ്ടായിരുന്നവർ 2,78,50,855. ജനുവരി 22 വരെ പരാതികൾ നൽകാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.
കരടു പട്ടികയുടെ അച്ചടിച്ച പതിപ്പ് ബി.എൽ.ഒ.മാർക്കും രാഷ്ട്രീയ പാർട്ടികൾക്കും കൈമാറി. ഇലക്ഷൻ കമ്മിഷൻ വെബ്സൈറ്റിലും ജില്ല കളക്ടറേറ്റുകളിലും ഇ.ആർ.ഒ ഒാഫീസുകളിലും വില്ലേജ് ഒാഫീസുകളിലും പട്ടിക പരിശോധിക്കാം. ഒഴിവാക്കിയവരുടെ പട്ടികയും പ്രത്യേകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരടു പട്ടികയിലുള്ള 17.78 ലക്ഷം പേരെ 2002ലെ അടിസ്ഥാന വോട്ടർപട്ടികയുമായി താരതമ്യം ചെയ്യാനായിട്ടില്ല. അവർക്ക് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകും. ഹാജരാക്കാനായില്ലെങ്കിൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും.
പൗരത്വ രേഖയടക്കം നൽകിയാൽ പട്ടികയിലെത്താം
1.ഒഴിവാക്കപ്പെട്ടവർക്ക് പൗരത്വമുണ്ടെന്ന് അവകാശപ്പെടുന്ന രേഖയടക്കം ഫോം 6 പൂരിപ്പിച്ച് നൽകിയാൽ പട്ടികയിൽ ഉൾപ്പെടുത്തും
2.പുതുതായി പേരു ചേർക്കുന്നവർക്കും ഫോം 6 പൂരിപ്പിച്ച് നൽകണം. പ്രവാസികൾക്ക് പേരുചേർക്കാൻ ഫോം 6എ.
3.കരട് പട്ടികയിൽ തിരുത്തലിനും ബൂത്ത്, മണ്ഡലം എന്നിവ മാറുന്നതിനും ഫോറം 8. ഒഴിവാക്കണമെങ്കിൽ ഫോം 7
4.പരാതികൾ ആദ്യം നൽകേണ്ടത് ഇ.ആർ.ഒയ്ക്ക്. തൃപ്തനല്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കളക്ടർക്കും ഒരുമാസത്തിനകം ഇലക്ഷൻ കമ്മിഷനും നൽകാം.
കരട് വോട്ടർപട്ടിക
വനിതകൾ.............................. 1,30,58,731
പുരുഷൻമാർ......................... 1,23,83,341
ട്രാൻസ്ജെൻഡേഴ്സ്............280
ആകെ.......................................2,54,42,352
ഒഴിവാക്കപ്പെട്ടവർ
മരിച്ചവർ..................................................... 6,49,885
കണ്ടെത്താനാകാത്തവർ.........................6,45,548
സ്ഥലം മാറിപ്പോയവർ............................... 8,16,221
പട്ടികയിൽ ഇരട്ടിപ്പ് വന്നവർ.................... 1,36,029
സഹകരിക്കാത്തവർ................................ 1,60,830
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |