തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പിന്നാക്ക,പട്ടിക വിഭാഗങ്ങൾക്കായി സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവശ്യപ്പെട്ടു. യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിലുള്ള മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡിലെ 94 ശതമാനം ജീവനക്കാരും സവർണരാണ് ആറു ശതമാനം മാത്രമാണ് പട്ടികജാതി, പിന്നാക്ക വിഭാഗക്കാർ. ഹിന്ദുക്കളിൽ നിന്ന് ജനസംഖ്യാനുപാതികമായി നിയമനങ്ങൾ നടത്താൻ പ്രത്യേക റിക്രൂട്ട്മെന്റ് അനിവാര്യമാണ്. ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി തിരഞ്ഞെടുത്ത പട്ടികജാതിക്കാരെ പൂജിക്കാൻ അനുവദിക്കുന്നില്ല. മലയാളം ബ്രാഹ്മണരെ മാത്രമാണ് ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കുന്നത്. ജാതി വിവേചനങ്ങൾക്കെതിരെ സുപ്രീകോടതി വിധി വരെ ഉണ്ടായിട്ടും പിന്നാക്ക വിഭാഗങ്ങളോടുള്ള അയിത്തവും അവഗണനയും തുടരുകയാണ്.
വൈക്കം സത്യഗ്രഹത്തിന്റെ കാരണമെന്തെന്നും അതിന്റെ നിമിത്തമാരെന്നും പറയാൻ തയ്യാറായത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ഗുരുദേവന് വഴി നടക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതാണ് ഈ സമരത്തിനുള്ള പ്രധാന കാരണമെന്ന് വൈക്കത്ത് സർക്കാർ സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ഗുരുദേവനും ടി.കെ.മാധവനും പോലും പ്രാധാന്യം നൽകാതെ ചരിത്രകാരന്മാർ ഇതെല്ലാം വളച്ചൊടിച്ചാണ് ചരിത്ര രചന നടത്തിയത്. അനുമതി നേടാതെ ശിവഗിരിയിലെ സന്യാസിമാർ മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ പോയത് അനുചിതമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാനവരാശിയുടെ പുരോഗതിക്ക് നൂറ്റാണ്ടുകൾ കൊണ്ട് ജീവത്യാഗം അനുഭവിച്ച് നേടിയെടുത്തതെല്ലാം വർത്തമാനകാലത്തിൽ പുതിയ രൂപത്തിലും ഭാവത്തിലും ഭിന്നിപ്പിക്കുന്നത് ദേശീയതലത്തിൽ കാണാനാകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. തിരുവല്ല യൂണിയൻ സെക്രട്ടറി ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |