
വർഷങ്ങൾക്കുമുൻപ് നടി ശ്വേതാ മേനോൻ അവതാരകയായെത്തിയ മലയാളത്തിലെ റിയാലിറ്റി ഷോയാണ് വെറുതെ അല്ല ഭാര്യ. ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ട പരിപാടിയായിരുന്നു അത്. വെറുതെ അല്ല ഭാര്യയിലെ പല മത്സരാർത്ഥികളും ഇപ്പോൾ സിനിമാമേഖലയിലും സാമൂഹിക മേഖലയിലും സജീവമാണ്. അത്തരത്തിൽ ഒരു സമയത്ത് പ്രശസ്തി ലഭിച്ചയാളാണ് മോട്ടിവേഷൻസ് സ്‌പീക്കറായ ഫിലിപ്പ് മമ്പാടും ഭാര്യ ഡോളി ഫിലിപ്പും. അടുത്തിടെയാണ് ഫിലിപ്പ് മമ്പാടിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് പുറത്തുവന്നത്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്‌റഫ് ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
'ഒരു സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന വെറുതെ അല്ല ഭാര്യയെന്ന റിയാലിറ്റി ഷോ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ഭാര്യമാർ ഭർത്താക്കൻമാർക്ക് വിധിയെഴുതുന്ന ആദ്യ റിയാലിറ്റി ഷോയെന്നായിരുന്നു അതിന്റെ പരസ്യവാചകം. അതിലെ മത്സരാർത്ഥികളായിരുന്നു ഫിലിപ്പ് മമ്പാടും ഡോളി ഫിലിപ്പും. അവരെ ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് പ്രേക്ഷകരുണ്ടായിരുന്നു. എന്നാൽ പ്രേക്ഷകരുടെ ആ ധാരണകൾ പിഴച്ചുപോകുകയായിരുന്നു.
കാരണം അയാൾ കുടുംബത്തെയും ഭാര്യയെയും പ്രേക്ഷകരെയും കബളിപ്പിച്ച് വൃത്തിക്കെട്ട പ്രവൃത്തികൾ ചെയ്തതിന് ജയിലിലായിരിക്കുകയാണ്. 16 വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ അയാൾ ലൈംഗിക പീഡനത്തിനിരയാക്കിയെന്നതാണ് കുറ്റം. അതിനുമുൻപുവരെ അയാൾക്ക് ജനഹൃദയങ്ങളിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു. നല്ലവനായ ഉണ്ണി ചമഞ്ഞ് സോഷ്യൽ മീഡിയയിലൂടെ കുട്ടികൾക്ക് നല്ല പാഠങ്ങൾ പറഞ്ഞുകൊടുക്കുമായിരുന്നു. സ്വന്തം സ്വഭാവം മറച്ചുവച്ച് മാന്യതയുടെ മുഖമാണ് അയാൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്.
ഭാര്യയോടുള്ള സ്‌നേഹവും അമ്മയോടുള്ള കരുതലുമെല്ലാം അയാൾ നേരത്തെ തുറന്നുകാട്ടിയിരുന്നു. ഫിലിപ്പിന്റെ ഈ ക്രൂരകൃത്യം ഇപ്പോഴും പുറത്തുവന്നില്ലായിരുന്നുവെങ്കിൽ നൂറുകണക്കിന് പെൺകുട്ടികളും അമ്മമാരും കണ്ണീരിലാകേണ്ടി വരുമായിരുന്നു. എന്നാൽ ഫിലിപ്പ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്ന കുറച്ചാളുകൾ ഇപ്പോഴുമുണ്ട്. ഫിലിപ്പിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് അവരുടെ വാദം.ഈ കേസ് പൊലീസ് വളരെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. പ്രതി മുൻ പൊലീസ് ഉദ്യോഗസ്ഥനായതിനാൽ അന്വേഷണത്തിന്റെ ഓരോ ഘട്ടവും പൊലീസ് വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്'- ആലപ്പി അഷ്‌റഫ് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |