SignIn
Kerala Kaumudi Online
Sunday, 26 April 2026 4.31 PM IST

'ചൂട് കൂടിയതുകൊണ്ട് മാത്രമല്ല പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നത്, പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്'

Increase Font Size Decrease Font Size Print Page
snake

ചൂട് കൂടിയതുകൊണ്ടാണ് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് എന്ന തരത്തിലെ വാർത്തകളിൽ പ്രതികരിച്ച് ശാസ്ത്രലേഖകൻ വിജയകുമാർ ബ്ലാത്തൂർ. ചൂട് കൂടിയത് കൊണ്ട് മാത്രമല്ലെന്നും പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങാൻ വേറെയും കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

ചെറിയോരു പ്രശ്നമുണ്ട്! ചൂട് കൂടിയത് കൊണ്ട് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നു എന്ന തരം ചർച്ചയാണല്ലോ കാര്യമായി നടക്കുന്നത്. നമ്മളേപ്പോലെ ആണ് പാമ്പിനും പുറത്തെ ചൂട് എന്ന് കരുതുന്നതിൽ ചെറിയ പ്രശ്‌നമുണ്ട്. ചൂട് കൂടിയാൽ നമ്മൾക്ക് എരിപൊരി സഞ്ചാരമായി ഫാനിടും ACയിടും, അതൊന്നും ഇല്ലാത്ത മുറിയാണെങ്കിൽ പുറത്ത് ഇറങ്ങും. ഹ്യുമിഡിറ്റി- അന്തരീക്ഷ ഈർപ്പം കൂടി നമ്മൾക്ക് പ്രശ്നം കൂട്ടും. അതിനാലാണ് 38 ഡിഗ്രിയെങ്കിലും ഫലത്തിൽ 40 പോലെ എന്നൊക്കെ പറയുന്നത്. നമ്മൾ ഉഷ്ണ രക്ത ജീവികളാണ്. നമ്മുടെ ശരീരോഷ്മാവ് കൃത്യമായ ഒരു റേഞ്ചിൽ നിലനിർത്തണം. അല്ലെങ്കിൽ നമ്മുടെ ആന്തരിക അവയവങ്ങൾ പ്രശ്നത്തിലാകും. തണുപ്പ് കൂടിയാൽ നമ്മുടെ ഉപാപചയ നിരക്ക് കൂട്ടി ശരീരം ചൂടാക്കും. ചൂട് പുറത്ത് കൂടിയാൽ വിയർപ്പിച്ച് ശരീരം തണുപ്പിക്കാൻ ശ്രമിക്കും. അതിനാൽ തണുപ്പ് കാലത്ത് കൂടുതൽ ഭക്ഷണം വേണ്ടി വരും. ഈ കത്തിക്കലിനും കൂടി വേണ്ടി. ചൂട് കാലം കൂടുതൽ വെള്ളം വേണം വിയർപ്പിക്കാൻ വേണ്ടി.

എന്നാൽ ശീത രക്ത ജീവികൾക്ക് സ്വന്തമായി ശരീര താപനിയന്ത്രണം സാദ്ധ്യമല്ല. വിയർക്കില്ല, തണുത്ത് വിറക്കില്ല. നമ്മൾ, സസ്തനികളും പക്ഷികളും ആഹാരത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിച്ച് ആണ് ശരീരതാപനില ക്രമീകരിക്കുന്നത്. എന്നാൽ ഇവയ്ക്ക് അത് കഴിയില്ല. പകരം, ചുറ്റുപാടുമുള്ള താപനിലയ്ക്ക് അനുസരിച്ച് ഇവയുടെ ശരീരത്തിലെ ചൂടും മാറിക്കൊണ്ടിരിക്കും.

പാമ്പ് മാത്രമല്ല, പല്ലിയും ഓന്തും മുതലയും തവളയും മീനും ആമയും പ്രാണികളും ഒക്കെ ശീതരക്ത ജീവികളാണ്. ശാസ്ത്രീയമായി ശീതരക്ത ജീവികളെ എക്റ്റോതെർമിക് (Ectothermic) ജീവികൾ എന്നാണ് പറയുക. നമ്മളെ പോലെ രാത്രി ചൂട് പുറത്ത് ഉണ്ട് എന്ന് വെച്ച് മാളത്തിനുള്ളിൽ എരി പൊരി സഞ്ചാരം വന്ന് വിയർത്ത് കുളിച്ച് പാവങ്ങൾ കാറ്റ് കൊള്ളാൻ പുറത്തിറങ്ങുകയൊന്നുമില്ല. എങ്കിൽ പകലല്ലെ കൂടുതലായി പുറത്ത് കാണേണ്ടത്. രാവിലെ ശരീരം ചൂടാക്കാൻ ഇവ പുറത്തിറങ്ങി വെയിൽ കൊള്ളുന്ന ശീലക്കാരാണ്.

എങ്കിലേ മസിലുകളൊക്കെ ആക്‌ടീവ് ആവു. വേലിയിലും മറ്റും ഓന്ത് വായ തുറന്ന് വെയിൽ കായുന്നത് അതിനാണ്. ബാസ്കിങ് എന്ന് പറയും. മുതലകളും ഒക്കെ ഇങ്ങനെ വെയിൽകായാൻ പാറപ്പുറത്ത് വന്ന് കിടക്കുന്നത് കാണാം. ചൂടു കൂടിയാൽ ഇവ നേരിട്ട് വെയിൽ കൊള്ളാത്ത ഇടത്ത് ഒളിക്കും. വെള്ളമോ നനവോ തണുപ്പോ ഉള്ള ഇടത്തേക്ക് നീങ്ങും. നേരിട്ട് വെയിലടിക്കാത്ത മാളങ്ങളിലും വിടവുകളിലും ഇലകൾക്ക് അടിയിലും ഒക്കെ വിശ്രമിക്കും. പൂമ്പാറ്റകൾ രാവിലെ ചിറക് വിശാലമാക്കി വിടർത്തി വെയിലുള്ള ഇടത്ത് ഇരിക്കുന്നത് ചൂട് സ്വീകരിച്ച് ഉഷാറാകാനാണ്. വെയിൽ ഒട്ടും ഇല്ലെങ്കിൽ പറക്കലൊക്കെ നഹി നഹി ! എന്നാലും ചൂട് അമിതമായി കൂടുന്നത് ഇവർക്ക് സ്ട്രസ് കൂട്ടും എന്നത് ശരിയാണ്.

പുറംലോകത്തെ താപനില കുറയുമ്പോൾ ഇവയുടെ ശരീരവും തണുക്കുന്നു. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ ശരീരവും ചൂടാകുന്നു.

ശരീരം ചൂടാക്കാൻ ഊർജ്ജം ചെലവാക്കാത്തതിനാൽ, ഇവയ്ക്ക് സമാന വലുപ്പമുള്ള ഉഷ്ണരക്ത ജീവികളെ അപേക്ഷിച്ച് വളരെ കുറച്ച് ഭക്ഷണം മതിയാകും. ഒരു പാമ്പ് ആഴ്ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ മാത്രം ഭക്ഷണം കഴിക്കുന്നത് ഇതുകൊണ്ടാണ്.

ഇപ്പോൾ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്ത് ഇറങ്ങുന്നത് ചൂട് കൂടിയത് കൊണ്ട് മാത്രമല്ല. ഭക്ഷണം കിട്ടുന്ന ഇടം തേടി അവ ഇഴഞ്ഞ് വരും..അത് എലിയാകാം , പല്ലിയാവാം , പാമ്പാവാം. ചുറ്റും വരണ്ട് കിടക്കുമ്പോൾ വെള്ളം തേടി വരും, തണുപ്പ് തേടി വരും. തണുപ്പ് കാലമാണെങ്കിൽ നമ്മൾ കിടക്കുമ്പോൾ നമ്മുടെ ചൂട് തേടി വരും പുതപ്പിനുള്ളിൽ കേറും. ഇപ്പോൾ പ്രജനന കാലം ആണ്. വിരിഞ്ഞിറങ്ങുന്ന കുട്ടികൾ ഭക്ഷണ മത്സരം ഒഴിവാക്കാനായി കൂട്ടമായി കഴിയാതെ ദൂരേക്ക് നീങ്ങും. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾക്കും മനുഷ്യനെ കൊല്ലാൻ മാത്രം വിഷമുണ്ടാവും.

TAGS: SNAKE, HEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.