
തിരുവനന്തപുരം: ദിവസേന വർദ്ധിച്ചുവരുന്ന വൈദ്യുതച്ചെലവിൽ നിന്ന് രക്ഷനേടാനാണ് പലരും പുരപ്പുറത്ത് സോളാർ സ്ഥാപിച്ചത്. സംസ്ഥാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോൾ അതിനൊരു പരിഹാരമെന്ന നിലയിലാണ് സോളാർ പാനലുകൾ സ്ഥാപിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുന്നത്. ഇതിനായി സബ്സിഡികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. പക്ഷേ കെഎസ്ഇബി ഇതിനെ നിരുത്സാഹപ്പെടുത്തുകയാണെന്ന ആക്ഷേപം ശക്തമാകുകയാണ് ഇപ്പോൾ.
സോളാർ വയ്ക്കുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ സാമ്പത്തിക ഭാരം കൂടുമോ എന്ന ആശങ്ക ഉയരുകയാണ്. നിലവിൽ നെറ്റ് മീറ്ററിംഗ് പരിധി 1000 കിലോവാട്ടാണ്. പുതിയ ചട്ടം വരുന്നതോടെ അത് മൂന്ന് കിലോവാട്ടായി ചുരുങ്ങും. പകൽ നൽകുന്ന വൈദ്യുതിക്ക് തുല്യമായത് രാത്രി തിരികെയടുക്കാമെന്നത് ഇതോടെ പരിമിതപ്പെടും. പുതിയ ചട്ട പ്രകാരം മൂന്ന് കിലോവാട്ടിന് താഴെയുള്ളവർക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പുതിയ നിർദ്ദേശം നടപ്പായാൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സോളാർ കമ്പനികളുടെ മുന്നോട്ടുപോക്ക് പ്രതിസന്ധിയിലാവുമെന്ന ആശങ്കയും ഉണ്ട്. സോളാർ പ്ലാന്റിൽ നിന്ന് കെഎസ്ഇബിയിലേക്ക് കൊടുക്കുന്ന മുഴുവൻ വൈദ്യുതിയും അതേ അളവിൽ അധിക തുക കൊടുക്കാതെ തന്നെ തിരികെ ലഭിക്കുന്നതാണ് നിലവിലെ അവസ്ഥ. നെറ്റ് മീറ്റർ സംവിധാനമാണ് ഇതിനെ സഹായിക്കുന്നത്. എന്നാൽ പുതിയ നയം വരുന്നതോടെ സൗരോർജ പ്ലാന്റിന്റെ മുപ്പത് ശതമാനം ശേഷിയുള്ള ബാറ്ററികൾ സ്ഥാപിക്കണം. ഇതിനായി നിർമ്മാണ ചെലവ് രണ്ട് ലക്ഷത്തോളം കൂടും. സംസ്ഥാനത്ത് 95 ശതമാനത്തോളം ഗാർഹിക സൗരോർജ പദ്ധതികളും മൂന്ന് കിലോവാട്ടിന് താഴെയുള്ളതിനാൽ പുതിയ നിർദ്ദേശം കുറച്ച് പേരെ മാത്രമേ ബാധിക്കുകയുള്ളൂ.
ഇതിനിടെ, പുരപ്പുറ സോളാറിനെ സബ്സിഡികൊടുത്ത് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതിന്റെ പേരിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കവും നടക്കുന്നുണ്ട്. സോളാർ ഇടപാട് തങ്ങൾക്ക് നഷ്ടമാണെന്നും ഇതു നികത്താൻ യൂണിറ്റിന് 19 പൈസ കൂട്ടണമെന്നുമാണ് ആവശ്യം. ഇപ്പോൾത്തന്നെ ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
സോളാർ വൈദ്യുതി സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്താൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുന്നോട്ടുവച്ച കരട് നിർദ്ദേശത്തിൻമേലുള്ള തെളിവെടുപ്പിലാണ് കെ.എസ്.ഇ.ബി നിരക്ക് വർദ്ധന ആവശ്യപ്പെട്ടത്. കമ്മിഷൻ അനുവദിച്ചാൽ വിശദമായ കണക്കുകൾ സഹിതം അപേക്ഷിക്കും. പിന്നാലെ നിരക്ക് വർദ്ധന നടപ്പാക്കും. പകൽ സ്വീകരിക്കുന്ന സോളാർ വൈദ്യുതിക്ക് പകരം രാത്രികാലങ്ങളിൽ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി സോളാർ ഉല്പാദകർക്ക് നൽകേണ്ടിവരുന്നെന്ന വാദമാണ് കെഎസ്ഇബി ആവർത്തിക്കുന്നത്. ചുരുങ്ങിയത് 500 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ഇത് നികത്താതെ മുന്നോട്ടു പോകാനാകില്ലെന്നും ബോർഡ് കമ്മിഷനെ അറിയിച്ചു.
സോളാറിന്റെ പേരിലുള്ള നഷ്ടം സോളാറില്ലാത്ത മറ്റ് ഉപഭോക്താക്കളുടെ ചുമലിൽ കെട്ടിവച്ച് നിരക്ക് കൂട്ടാനുള്ള നീക്കത്തിൽ വ്യാപക എതിർപ്പുണ്ട്. സംസ്ഥാനത്ത് 98 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണുള്ളത്. ഇവരിൽ രണ്ടുലക്ഷത്തോളം വീടുകളിലാണ് പുരപ്പുറ സോളാറുള്ളത്. നിരക്ക് വർദ്ധന ആവശ്യം പരിഗണിച്ചാൽ നിയമകുരുക്കുണ്ടാകാനും സാധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |