
കൊല്ലം: യോഗയിൽ നൃത്തം കലർത്തി ശ്രദ്ധേയയാവുകയാണ് കൊല്ലം തട്ടാമല സ്വദേശി ആദിത്യ. എട്ടു വയസ് മുതൽ യോഗ അഭ്യസിക്കുന്ന ഈ 21കാരി, കൊല്ലം ശ്രീനാരായണകോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
2016ൽ കൊല്ലത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ആദ്യമായി യോഗ ഡാൻസ് അഭ്യസിച്ചുതുടങ്ങിയത്. മാതാവും നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂൾ അദ്ധ്യാപികയുമായ ആശ ബിജുവാണ് ഗുരു. പിതാവ് ബിജുവും പൂർണ പിന്തുണനൽകി.
യോഗാസനങ്ങൾ പൂർണമായി പഠിച്ചശേഷം സംഗീതത്തിന്റെയും ചുവടുകളുടെയും അകമ്പടിയോടെ അവതരിപ്പിക്കുന്നതാണ് രീതി. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയതോടെ നേട്ടങ്ങളുടെ നീണ്ടനിര ആദിത്യയെ തേടിയെത്തി.
എട്ടാം ക്ലാസ് മുതൽ യോഗ പരിശീലിപ്പിക്കുന്നുമുണ്ട്. നിലവിൽ നാലു വയസ് മുതലുള്ള നൂറോളം ശിഷ്യരുണ്ട്. 2022ലെ നാഷണൽ യോഗ ഒളിമ്പ്യാഡിൽ ആദിത്യയുടെ ശിഷ്യ അഭിന ഉൾപ്പെട്ട കേരള ടീം സ്വർണം നേടിയിരുന്നു. ലോഹ തകിടിൽ കൊത്തുപണി ചെയ്ത് സംസ്ഥാനതലത്തിലുൾപ്പടെ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ലോഹ തകിടിൽ കൊത്തി സമർപ്പിച്ചിട്ടുണ്ട്.
തട്ടാമല ശാരദവിലാസിനി വായനശാല, പരവൂർ എം.എൽ.എ ജംഗ്ഷൻ ഗുരുമന്ദിരം എന്നിവിടങ്ങളിൽ യോഗ ഡാൻസ്, സ്പോർട്സ് യോഗ ക്ലാസുകൾ നടത്തുന്നുണ്ട്. തട്ടാമല ശാരദവിലാസിനി വായനശാലയിലാണ് യോഗ പഠനമാരംഭിക്കുന്നത്. ചന്ദ്രസേനൻ, സുരേഷ് (മലപ്പുറം), ബെന്നി (തൃശൂർ) എന്നിവരാണ് പരിശീലകർ. ആയുർവേദ ഡോക്ടറായ ആതിര ബിജുവാണ് സഹോദരി.
പുരസ്കാരങ്ങളേറെ
2017, 2018, 2019 വർഷങ്ങളിൽ എൻ.സി.ഇ.ആർ.ടി ഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ യോഗ ഒളിമ്പ്യാഡിൽ തുടർച്ചയായി പങ്കെടുത്ത ഏക മലയാളി ആദിത്യയാണ്. 2019ൽ ഡൽഹിയിൽ നടന്ന മത്സരത്തിൽ ബെസ്റ്റ് പെർഫോമറായി തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ ശ്രീലങ്കയിൽ നടന്ന ഇന്റർനാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടി. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും അർഹയായി.
ജീവിതത്തിൽ സന്തോഷം നൽകുന്ന ഒന്നാണ് യോഗ. അല്ലാതെ ശരീരംകൊണ്ടു ചെയ്യുന്ന വ്യായാമം മാത്രമല്ല.
- ആദിത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |