
ആലപ്പുഴ: ആരോഗ്യവകുപ്പ് ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കിയിട്ടും കഴിഞ്ഞ വർഷം വീട്ടിൽ പ്രസവിച്ചത് 428 പേർ. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്ന വീട്ടുപ്രസവത്തിനെതിരെ നിയമയുദ്ധം നടത്തുന്ന ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗിന് ലഭിച്ച വിവരാവകാശ മറുപടിയാണിത്.
പൊക്കിൾക്കൊടി മുറിച്ചതിനെത്തുടർന്ന് ചാവക്കാട് നവജാതശിശു മരിച്ചതുൾപ്പെടെ, ഏതാനും വർഷങ്ങൾക്കിടെ അമ്മയും കുഞ്ഞുമായി രണ്ട് ഡസനിലധികം മരണങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.കെ. പ്രതിഭയാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
മുൻ കാലങ്ങളിലേതുപോലെ, മലപ്പുറത്താണ് വീട്ടുപ്രസവങ്ങൾ കൂടുതൽ. ഏറ്റവും കുറവ് പത്തനംതിട്ടയിലും. ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സമീപിക്കുന്നതിന് വിമുഖരായവരാണ് വീട്ടിൽ പ്രസവത്തിന് മുതിരുന്നത്. പൊക്കിൾക്കൊടി മുറിക്കുന്നതിലെ അറിവില്ലായ്മയും പ്രസവത്തിനിടെയുള്ള രക്തസ്രാവവും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്നു.
നേരിയകുറവ് ആശ്വാസം
2023-2024 കാലയളവിൽ നിന്ന് വീട്ടുപ്രസവങ്ങളുടെ എണ്ണത്തിൽ ഇത്തവണ നേരിയ കുറവുവന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 2931 വീട്ടുപ്രസവങ്ങളിൽ 1337 എണ്ണവും മലപ്പുറത്താണ്. വയനാട് 283, ഇടുക്കി 200, പാലക്കാട് 172, തിരുവനന്തപുരം 132, എറണാകുളം 119, കോഴിക്കോട് 104 എന്നിവയാണ് നൂറിൽ കൂടുതൽ വീട്ടുപ്രസവങ്ങൾ രേഖപ്പെടുത്തിയ ജില്ലകൾ.
ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് വീട്ടുപ്രസവത്തിനെതിരെ ബോധവത്കരണം നടത്തുന്നുണ്ട്.
ഗർഭിണികൾക്ക് പോഷകാഹാരവും പരിചരണവും ചികിത്സയും സൗജന്യമാക്കിയിരിക്കെ, ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാര്യങ്ങൾ ഗോപ്യമാക്കി വയ്ക്കുന്നതാണ് മരണക്കളിക്ക് ഇടയാക്കുന്നത്. വീട്ടുപ്രസവങ്ങൾ നിരുത്സാഹപ്പെടുത്താൻ നിയമ നിർമ്മാണംകൂടിയേ തീരൂ എന്ന നിലയിലാണ് കാര്യങ്ങൾ.
വീട്ടുപ്രസവങ്ങൾ (2024-25)
തിരുവനന്തപുരം.............. 21
കൊല്ലം ................................20
പത്തനംതിട്ട ........................ 6
ആലപ്പുഴ ............................. 9
കോട്ടയം...............................10
ഇടുക്കി................................ 37
എറണാകുളം ......................24
തൃശൂർ .................................15
പാലക്കാട്............................16
മലപ്പുറം.............................191
കോഴിക്കോട്.......................24
വയനാട് ...............................24
കണ്ണൂർ .................................16
കാസർകോട് ......................15
ആകെ...................................428
വീട്ടുപ്രസവത്തിന് സാദ്ധ്യതയുള്ള വീടുകൾ ആശവർക്കർ, ജെ.പി.എച്ച്.എൻ എന്നിവരടങ്ങുന്ന ടീം സ്ഥിരമായി സന്ദർശിക്കുകയും ഭവിഷ്യത്തുകൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നുണ്ട്. വാർഡ് മെമ്പർ, വനിതാ ശിശുസംരക്ഷണം, പൊലീസ് തുടങ്ങിയവയുടെ സഹായവും തേടിയിട്ടുണ്ട്.
- ഡയറക്ടറേറ്റ്, ആരോഗ്യവകുപ്പ്
ബോധവത്‌കരണം കൊണ്ട് ഫലമില്ലാത്ത സാഹചര്യത്തിൽ നിയമ നിർമ്മാണമാണ് ആവശ്യം. അതിനായി ഹൈക്കോടതിയുടെ സഹായം തേടിയിട്ടുണ്ട്
- അഡ്വ. കുളത്തൂർ ജയ്സിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |