
കൊല്ലം: സർക്കാർ ജോലി ഉപേക്ഷിച്ചു. കൂട്ടിവച്ച സമ്പാദ്യമെല്ലാം ഉപയോഗിച്ചു. ഒടുവിൽ തികയാതെ വന്നതോടെ സ്വന്തമായുണ്ടായിരുന്ന വെള്ളിക്കൊലുസ് വരെ വിൽക്കേണ്ടിവന്നു. പുനലൂർ തൊളിക്കോട് ദേവി പ്രസാദത്തിൽ ആരതികുട്ടി തന്റെ പാഷനായ കേക്ക് നിർമ്മാണം ആരംഭിക്കാൻ പെട്ടപാട് ചില്ലറയല്ല. ഇന്ന് 20 ലക്ഷത്തോളം മാസവരുമാനമുണ്ടാക്കുന്ന വമ്പൻ സംരംഭകയാണ് ഈ 31കാരി.
വിവാഹശേഷം 2020ൽ തന്റെ 26-ാം വയസിലാണ് ആരതികുട്ടി ഹോം ബിസിനസായി 'അർസു കേക്ക് സ്റ്റുഡിയോ" ആരംഭിച്ചത്. ഇതിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള അഡ്വൈസ് മെമ്മോയും ആരതിയെ തേടിയെത്തി. എന്നാൽ ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. വീട്ടുകാർ എതിർത്തെങ്കിലും ഭർത്താവ് സുബിന്റെയും സുബിന്റെ സഹോദരൻ ബിബിന്റെയും പിന്തുണയുണ്ടായിരുന്നു. തുടർന്ന് അഞ്ചൽ മുക്കട ജംഗ്ഷനിൽ ചെറിയ കട വാടകയ്ക്കെടുത്ത് ആദ്യ ഷോപ്പ് ആരംഭിച്ചു.
എന്നാൽ കൊവിഡ് കാലത്ത് കട പൂട്ടി. തുടർന്ന് പ്രസവശേഷം കൈക്കുഞ്ഞുമായി കേക്ക് നിർമ്മാണം. വീട്ടിൽ എതിർപ്പ് ശക്തമായതോടെ ആരതിയും സുബിനും രണ്ടുമാസം പ്രായമായ മകൾ ക്ഷേത്രയുമായി അഞ്ചൽ അലയമണ്ണിലേക്ക് താമസം മാറി. മകളെ നോക്കുന്നതിനിടയിലും 15 ഓളം തീം കേക്കുകൾ വരെ ചെയ്ത ദിവസങ്ങൾ ഉണ്ടായിരുന്നു. 2021ൽ അഗസ്ത്യക്കോട് സ്വന്തമായി ആദ്യസ്ഥാപനം തുടങ്ങി. തുടർന്ന് 2023ൽ പുനലൂരും 2024ൽ കരവാളൂരും 2025 ആഗസ്റ്റിൽ അഞ്ചൽ കോളേജ് ജംഗ്ഷനിലും ഷോപ്പുകൾ തുടങ്ങി. 30ലധികം പേർക്ക് തൊഴിലും നൽകുന്നുണ്ട്.
പേരുകൾ ചേർത്ത് ബ്രാൻഡിലേക്ക്
യുട്യൂബിൽ കണ്ടാണ് കേക്ക് നിർമ്മാണം ആരതി പഠിച്ചത്. പിന്നീട് ഓൺലൈനായി ബേക്കിംഗ് ഹ്രസ്വകാല കോഴ്സുകൾ ചെയ്തു. ആരതിയുടെ പേരിന്റെ ആദ്യരണ്ടക്ഷരമായ 'AR" ഉം സുബിന്റെ 'SU" ഉം ചേർത്താണ് ബ്രാൻഡ് നെയിം കണ്ടെത്തിയത്. 20 കിലോമീറ്റർ പരിധി വരെ ഹോം ഡെലിവറി നൽകും. സോഷ്യൽ മീഡിയ വഴിയാണ് കൂടുതൽ ഓർഡറുകൾ. വെബ്സൈറ്റ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്. 2022- 23ൽ വ്യവസായ വകുപ്പിന്റെ താലൂക്ക് തലത്തിൽ മികച്ച സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ടു.
എതിർപ്പുകൾ തരണം ചെയ്താണ് ബിസിനസിലേക്ക് എത്തിയത്. സർക്കാർ ജോലിവേണ്ടെന്ന തീരുമാനത്തിൽ കുറ്റബോധമില്ല.
- ആരതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |