മന്നാർഗുഡി: 'കണ്ടിപ്പാ കമല ജയിക്കും. ഇന്ത കടവുൾ ജയിക്കവെയ്ക്കും. അപ്പുറം കടവുൾ അവങ്കിളെ ഇങ്കെ വര വയ്ക്കും". തുളസീന്ദ്രപുരം ധർമ്മശാസ്താ ക്ഷേത്രത്തെ ചൂണ്ടി ഇങ്ങനെ പറയുമ്പോൾ, കമല ഹാരിസ് അമേരിക്കൻ പ്രസിഡന്റാകുമെന്ന കാര്യത്തിൽ പരമശിവത്തിന് സന്ദേഹമൊന്നുമില്ല.
അടുത്ത മാസം അഞ്ചിന് നടക്കുന്ന യു.എസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് ജയിക്കണം. ശേഷം അവരുടെ കുടുംബ ക്ഷേത്രമായ ധർമ്മശാസ്താക്ഷേത്രത്തിൽ എത്തണമെന്ന് നാട്ടുകാരനായ പരമശിവം മാത്രമല്ല, ഈ നാട് മുഴുവൻ പ്രാർത്ഥിക്കുന്നു.ചെന്നൈയിൽ നിന്ന് 330 കിലോമീറ്റർ അകലെ തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി താലൂക്കിലാണ് തുളസീന്ദ്രപുരം. 2020ൽ കമല വൈസ് പ്രസിഡന്റായതോടെയാണ് ഈ ചെറുഗ്രാമം ലോകമാദ്ധ്യമങ്ങളിൽ വാർത്തയായത്. 2014 മേയ് 5ന് കുംഭാഭിഷേകം നടന്നപ്പോൾ കമലയുടെ പേരിലും നേർച്ചയുണ്ടായിരുന്നു. അന്ന് സംഭാവന നൽകിയവരുടെ കൂട്ടത്തിൽ കമലയുടെ പേരുമുണ്ട്. അത് ക്ഷേത്ര ചുവരിലെ ശിലയിൽ കൊത്തിവച്ചിരിക്കുന്നു.
കമലയ്ക്ക് വിജയാശംസ നേർന്ന് ക്ഷേത്രത്തിനു മുന്നിൽ ഫ്ലക്സ് ബോർഡുണ്ട്. 'അവരുടെ വിജയത്തിനായി ഇവിടെ നടന്ന പൂജകളെ പറ്റി അറിഞ്ഞോ എന്നറിയില്ല. ഒരു വാക്ക് നാടിനെ പറ്റി പറയുമെന്ന് പ്രതീക്ഷിക്കുന്നു"- ക്ഷേത്രം ഭാരവാഹിയായ സുരേഷ് പറഞ്ഞു. അഞ്ച് വയസുള്ളപ്പോൾ കമല തുളസീന്ദ്രപുരത്ത് എത്തിയിരുന്നു.
അപ്പൂപ്പൻ നാട്ടിലെ ഹീറോ
കമലയുടെ അമ്മ ശ്യാമള ഗോപാലിന്റെ അച്ഛൻ പൈങ്ങനാട് വെങ്കിട്ടരാമൻ ഗോപാലൻ അയ്യർ എന്ന പി.വി. ഗോപാലൻ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. അറിയപ്പെടുന്ന അയ്യങ്കാർ കുടുംബമായിരുന്നു. ഇവരുടെ കുടുംബം ക്ഷേത്രത്തിനു സമീപം ആരംഭിച്ച സ്കൂൾ ഇപ്പോൾ സർക്കാരിന്റേതാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു ഗോപാലൻ. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സിംബാബ്‌വെയുടെ ആദ്യ നാമമായ റൊഡേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ സാംബിയയെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ നിയോഗിച്ചത് പി.വി. ഗോപാലനെയായിരുന്നു. പിന്നീട് സാംബിയയുടെ ആദ്യ പ്രസിഡന്റ് കെന്നത്ത് കൗണ്ടയുടെ ഉപദേശകനായി. അക്കാലത്ത്, 19 വയസുള്ള ശ്യാമള ഗോപാലൻ യു.എസിലെ കാലിഫോർണിയ സർവകലാശാലയിൽ ബയോമെഡിക്കൽ സയൻസ് വിദ്യാർത്ഥിനിയായി. എൻഡോക്രൈനോളജിയിൽ പി.എച്ച്ഡി നേടി.
ജമൈക്കയിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോണൾഡ് ജെ.ഹാരിസിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ചെന്നൈയിൽ ഡോക്ടറായിരുന്ന സഹോദരി സരള അവിവാഹിതയാണ്. സഹോദരൻ ബാലചന്ദ്രനും സയന്റിസ്റ്റായ സഹോദരി മഹാലക്ഷ്മിയും വിദേശത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |