
പാലക്കാട്: പത്തു വർഷമായി മേപ്പാടം ഗ്രാമത്തിലെ 300 കുടുംബങ്ങൾ വിലകൊടുത്ത് പച്ചക്കറി വാങ്ങാറില്ല. വിളവെടുത്ത് കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തെത്തി ഇഷ്ടമുള്ളതു കൊണ്ടുപോകും. നമുക്കും മാതൃകയാക്കാവുന്ന ഈ പദ്ധതിയിൽ ഇക്കൊല്ലം 20 ടണ്ണിലധികം പച്ചക്കറിയാണ് വീടുകളിലും ആരാധനാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമായി പങ്കിട്ടെടുത്തത്. അടുത്ത വിളവെടുപ്പ് ഉടനുണ്ടാവും.
ഇരുന്നൂറിലേറെപ്പേരുടെ ജനകീയ കൂട്ടായ്മയായ 'സമൃദ്ധി"യാണ് കൃഷിക്ക് ഇത്തരത്തിൽ വേറിട്ട മുഖം നൽകിയത്. പെരിങ്ങോട്ടുകുർശി ചൂലനൂർ മേപ്പാടത്തെ 12.5 ഏക്കറിലാണ് കൃഷി. വിത്തിടുന്നത് മുതൽ വിളവെടുക്കുന്നതുവരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സജീവമാണ്. കൂലിയോ ലാഭമോ വാങ്ങാറില്ല. സ്വന്തം വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി എടുക്കും. അത്രതന്നെ. പയർ, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്, വഴുതിന, കുമ്പളം, ചീര, ചുരയ്ക്ക, കക്കിരി, പീച്ചിങ്ങ എന്നിവയാണ് കൃഷിയിറക്കുക. വി.എഫ്.പി.സി.കെ, മണ്ണുത്തി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് വിത്ത് ശേഖരിക്കുന്നത്.
2014ൽ സർക്കാർ പ്രഖ്യാപനം ഏറ്റെടുത്താണ് 50 പേരടങ്ങുന്ന ജനകീയ കൂട്ടായ്മ പച്ചക്കറികൃഷി ആരംഭിച്ചത്. അഞ്ചേക്കർ നെൽപ്പാടത്ത് ഇടവിളയായി പച്ചക്കറി കൃഷി ചെയ്തായിരുന്നു തുടക്കം. കരപ്രദേശംകൂടി ഉൾപ്പെടുത്തിയുള്ള കൂട്ടായ്മയിൽ ഇപ്പാേൾ 200ലധികം അംഗങ്ങളുണ്ട്.
കൃഷിച്ചെലവ് 2 ലക്ഷം
12.5 ഏക്കറിൽ കൃഷിയിറക്കാനുള്ള ചെലവ്- 2 ലക്ഷം രൂപ
സർക്കാർ സബ്‌സിഡി- 84,000 രൂപ
അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത്- 56, 000 രൂപ
വിത്തിന്റെ ചെലവ്- 40,000 രൂപ
മൂന്നു മാസത്തെ വിളവ്- 25 ടൺ
കൃഷിക്കാലം
ഫെബ്രുവരി പകുതിയോടെ തയ്യാറെടുപ്പ് തുടങ്ങും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൃഷിയിറക്കലും വിളവെടുപ്പും സൗജന്യ പച്ചക്കറിവിതരണവും. ജൂൺ ആദ്യയാഴ്ച നിലം നെൽക്കൃഷിക്കായി മാറ്റും. സമൃദ്ധി കൂട്ടായ്മയുടെ ചെയർമാൻ എ.പി.പ്രമോദിന്റെയും കുടുംബാംഗങ്ങളുടെയും നെൽപ്പാടം പാട്ടത്തുക ഒഴിവാക്കിയാണ് പച്ചക്കറികൃഷിക്കായി നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |