
പാലക്കാട്: ചാമ, ചോളം, തിന, റാഗി, കൂവരക്, കമ്പ്, കുതിരവാലി.. ചെറുധാന്യ കൃഷിയിലൂടെ കേരളത്തിന്റെ പോഷകക്കലവറയായി മാറുകയാണ് പാലക്കാട്ടെ അട്ടപ്പാടി താഴ്വര. ഇവ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കാൻ സംസ്കരണ കേന്ദ്രവുമുണ്ട്. പൊതുവിപണിയിലും സർക്കാരിന്റെ ഇക്കോഷോപ്പുകൾ വഴിയും ഓൺലൈനിലൂടെയും ഈ അട്ടപ്പാടി ജൈവ ബ്രാൻഡുകൾ ലഭ്യമാണ്. ഫൈബറും പ്രോട്ടീനും ധാരാളമുള്ള ചെറുധാന്യങ്ങൾ പ്രമേഹം, രക്തസമ്മർദ്ദമടക്കം ഉള്ളവർക്ക് ഉത്തമമായതിനാൽ ഡിമാന്റും ഏറെ.
കൃഷി വകുപ്പിന്റെ മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ അട്ടപ്പാടിയിലെ ഗോത്രജനതയാണ് പരമ്പരാഗത ചെറുധാന്യ കൃഷിയിലേക്കു തിരിച്ചെത്തിയത്. 926 ചെറുധാന്യ കർഷകർക്കു ജൈവ സർട്ടിഫിക്കേഷനുണ്ട്. അഗളി പഞ്ചായത്തിൽ 17, പുതൂർ പഞ്ചായത്തിൽ 12, ഷോളയൂർ പഞ്ചായത്തിൽ 11 ഊരുകളിലായി 741.97 ഹെക്ടറിലാണ് കൃഷി.
പുതൂർ പഞ്ചായത്തിലെ ചീരക്കടവിലാണ് സംസ്കരണ കേന്ദ്രം. കർഷകരുടെ ഉത്പന്നങ്ങൾ കൃഷി വകുപ്പ് സംഭരിച്ച് ഇവിടെയെത്തിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നു. കർഷകർ നേരിട്ടും ഉത്പന്നങ്ങൾ ഇവിടെയെത്തിക്കുന്നു.
തനതു ഭക്ഷണരീതി
തിരികെ എത്തിക്കാൻ
തനതു ഭക്ഷണരീതി കൈവിട്ടതാണ് അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ ആരോഗ്യപ്രശ്നങ്ങളുടെ കാരണമെന്നു വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു. അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മില്ലറ്റ് ഗ്രാം പദ്ധതി തുടങ്ങിയത്. ചെറുധാന്യ ഉത്പാദനം വ്യാപകമായതോടെ ഗ്രോത വിഭാഗങ്ങൾക്ക് വരുമാനം ലഭിക്കുന്ന പദ്ധതികൂടിയായി മാറി. മൂല്യവർദ്ധിത ഉത്പന്നങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യാനും സർക്കാർ ആലോചിക്കുന്നു.
പുട്ടുപൊടി മുതൽ
ദോശ മിക്സ് വരെ
അട്ടപ്പാടി ട്രൈബൽ ഫാർമേഴ്സ് അസോസിയേഷൻ ഫോർ മില്ലറ്റ്സ് മുഖേനയാണ് ചെറുധാന്യ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. റാഗി പുട്ടുപൊടി, റാഗി ദോശ മിക്സ്, ചാമ ഉപ്പുമാവ് മിക്സ്, പനിവരഗ് അരി, കമ്പ് ദോശ മിക്സ്, മണിച്ചോളം മാവ് തുടങ്ങി 36 ഉത്പന്നങ്ങളുണ്ട്. ആവശ്യക്കാർക്ക് തപാൽ മാർഗവും എത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |