
മലപ്പുറം: 'ഒരുപിടി അരി പോലുമില്ല. രാത്രിയിലെ കുറച്ചു ചോറ് പഴംകഞ്ഞിയാക്കി രാവിലെ കുടിച്ചു. കൈയിൽ പൈസയുമില്ല".- നിലമ്പൂർ ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി നഗറിലെ സുന്ദരൻ (30) ഹൃദയം നുറുങ്ങും വേദനയോടെ പറഞ്ഞു. 'ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ ഉണ്ടാകും. ഇപ്പോൾ വെറും ചോറാണ് കഴിക്കുന്നത്"- ഭാര്യയേയും 13കാരനായ മകനെയും ചേർത്തുനിറുത്തി മനസുതുറന്ന സുന്ദരന്റെ വാക്കുകൾ മുറിഞ്ഞു.
ഊരിലെ കാട്ടുനായ്‌ക്ക, മുതുവാൽ വിഭാഗത്തിൽപ്പെട്ട 28 കുടുംബങ്ങളിലെ 90 പേരുടെയും ജീവിതം സമാനമാണ്. 30 കിലോ അരി റേഷനായി മാസം ലഭിക്കും. പക്ഷേ മൂന്നുനേരവും ചോറ് കഴിക്കുന്നതിനാൽ മാസത്തിന്റെ പകുതിയോടെ അരി തീരും. വല്ലപ്പോഴും കിട്ടുന്ന വനവിഭവങ്ങൾ വിറ്റ് അരി വാങ്ങും. അല്ലാത്തപ്പോൾ മുഴുപ്പട്ടിണിയും.
കഴിഞ്ഞ ദിവസം ഊരിൽ ഡോക്ടർമാരുടെ സംഘടന നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 40ൽ 30 പേർക്കും പോഷകാഹാരക്കുറവ് മൂലമുള്ള ഗുരുതര വിളർച്ച കണ്ടെത്തി. സ്ത്രീകളിൽ അടിയന്തര കിടത്തി ചികിത്സ വേണ്ടവരുമുണ്ട്.
ഉൾവനത്തിൽ വീട് നിർമ്മിക്കാൻ ലൈഫ് പദ്ധതിയിലെ നാലും ലക്ഷവും പട്ടികവർഗ വകുപ്പിന്റെ രണ്ട് ലക്ഷവും ചേർത്ത് ആറ് ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. നിർമ്മാണ സാമഗ്രികളെത്തിക്കാൻ ഉയർന്ന വണ്ടിക്കൂലി നൽകണം. നിർമ്മാണച്ചെലവ് കൂടുതലായതിനാൽ ഏറ്റെടുക്കാൻ കരാറുകാരുമില്ല. നിർമ്മിച്ചവ പൂർത്തിയാക്കാനുമായിട്ടില്ല.
സുന്ദരന് വേണം കൈത്താങ്ങ്
ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ സുന്ദരന് നട്ടെല്ലിന് പരിക്കുണ്ട്. ജോലിക്ക് പോകാനാകില്ല. മാസത്തിലൊരിക്കൽ മഞ്ചേരി മെഡിക്കൽ കോളേജിലെത്തി തുടർചികിത്സ നടത്തണം. ഉൾവനത്തിലെ ദുർഘടമായ മൺപാതയിലൂടെ മൂന്നുകിലോമീറ്റർ സഞ്ചരിച്ചുവേണം ഊരിലെത്താൻ. വന്യജീവികളുടെ വിഹാരകേന്ദ്രമായതിനാൽ ഒരു ജീപ്പുകാരൻ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. കാടിന് പുറത്തെത്താൻ 1,600 രൂപ വേണം. ഇതുകാരണം ചികിത്സ മുടങ്ങിയിട്ടുമുണ്ട്. അധികൃതരിൽ നിന്ന് ധനസഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് സുന്ദരൻ പറഞ്ഞു. മെഡിക്കൽ ക്യാമ്പിൽ സുന്ദരന് ഹൃദ്രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |