കുത്താമ്പുള്ളി ഒരു ഗ്രാമത്തിന്റെ പേരു മാത്രമല്ല, ഒരു സംസ്കാരത്തിന്റെ ഇഴയടുപ്പം കൂടിയാണ്. ഭാരതപ്പുഴയുടെ കരയിലെ കുത്താമ്പുള്ളി, പാലക്കാടുമായി അതിർത്തി പങ്കിടുന്ന, തൃശൂർ ജില്ലയിലെ കൈത്തറി ഗ്രാമം. വളവുതിരിവുകൾ പിന്നിട്ട് നടക്കുമ്പോൾ ഏതു വീടുകളിൽ നിന്നും ഉയർന്നു കേൾക്കാം, കൈത്തറിത്താളം! ഇടുങ്ങിയ റോഡിന് ഇരുവശവും നഗരങ്ങളെ അനുസ്മരിപ്പിക്കും വിധം ബഹുനില വസ്ത്രശാലകൾ തലയുയർത്തി നിൽക്കുന്നു. ബെൻസും ബി.എം.ഡബ്ല്യുവും ഔഡിയുമെല്ലാം റോഡിനിരുവശവും നിരനിരയായി കാത്തുകിടപ്പുണ്ട്.
കുത്താമ്പുള്ളിയിലെ നെയ്ത്തുകാരുടെ ജീവിതത്തിന്റെ പ്രൗഢിയല്ല ഇത്, നാല്പതിനായിരവും അമ്പതിനായിരവും വിലവരുന്ന കസവു സാരികൾ എണ്ണായിരത്തിനും പതിനായിരത്തിനുമൊക്കെ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. കൈത്തറി വസ്ത്രങ്ങളുടെയും ഡിസൈനർ സാരികളുടെയും കണ്ണഞ്ചിപ്പിക്കുന്ന കമനീയ ശേഖരമാണ് കുത്താമ്പുള്ളി. തെക്ക് ഗായത്രിപ്പുഴയും വടക്ക് ഭാരതപ്പുഴയും പതിഞ്ഞൊഴുകുന്ന തീരത്താണ് ലോകം മുഴുവനറിഞ്ഞ കുത്താമ്പുള്ളിയുടെ നെയ്ത്തു സംസ്കാരം. തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ നിന്ന് അഞ്ചു കിലോമീറ്റർ മാത്രം ദൂരത്ത്.
കുത്താമ്പുള്ളിയിലെ ഏഴുന്നൂറോളം കുടുംബങ്ങൾ രാജ്യത്ത് മറ്റെങ്ങും കാണാത്ത തരം കൈത്തറി സാരികൾ നെയ്യുന്നു. ഒരു ഭൂപ്രദേശമാകെ നെയ്ത്താരവങ്ങൾ ഉയരുന്നു. ഊടും പാവും നെയ്യുന്ന ഗ്രാമ പാരമ്പര്യം ഇന്നും കാക്കുന്ന ഗ്രാമത്തിൽ നെയ്ത്തുമായി ബന്ധമില്ലാത്ത ഒരു വീടുപോലുമില്ല. തനിമയും സവിശേഷതയുമുള്ള ഉത്പന്നങ്ങൾക്ക് നല്കുന്ന ഭൗമസൂചികാ പദവി സ്വന്തമാക്കിയ കുത്താമ്പുള്ളി സാരികൾക്ക് ഇന്ന് സ്വദേശത്തും വിദേശത്തും സ്വീകാര്യത ഏറുകയാണ്. അതിനു തെളിവാണ് ഇവിടത്തെ ഈ തിരക്ക്. കൈകൊണ്ടു നെയ്യുന്ന പാരമ്പര്യ വസ്ത്രങ്ങളിലാണ് കുത്താമ്പുള്ളിയുടെ പ്രശസ്തി. കസവ് ഡബിൾ മുണ്ട്, വേഷ്ടി, സെറ്റ് മുണ്ട്, സെറ്റ് സാരി... അങ്ങനെ നീളും, ആ പട്ടിക. സാരിയും മുണ്ടുമൊക്കെ ഏതു ഡിസൈനും അനായാസം നെയ്തെടുക്കുന്നവരാണ് കുത്തമ്പുള്ളിയിലെ നെയ്ത്തുകാർ. അതിൽ കുത്താമ്പുള്ളി സാരിക്കും കുത്താമ്പുള്ളി ദോത്തീസിനുമാണ് ഭൗമസൂചികാ പദവി ലഭിച്ചത്.
ഡിസൈനിലെ കരവിരുത്
മലയാളികളുടെ വസ്ത്ര സങ്കൽപ്പം അനുദിനം നവീകരിക്കപ്പെടുകയാണ്. 'പാഷനും ഫാഷനും" ഒരുപോലെ മേളിക്കുന്ന മലയാളിച്ചന്തം തന്നെയാണ് ഇന്നും കസവു സാരികളിലെ പ്രത്യേകത. കൈകൊണ്ട് നെയ്യുന്ന പാരമ്പര്യ വസ്ത്രങ്ങളിലാണ് കുത്താമ്പുള്ളിയുടെ പ്രശസ്തി. കഥകളി, ചുമർചിത്രങ്ങൾ, ശ്രീകൃഷ്ണനും രാധയും, മയിൽ, പൂവ്, ആന, ഗോപുരം, വീട്... അങ്ങനെ ഏതു ഡിസൈനും അനായാസം കുത്താമ്പുള്ളിയുടെ കരങ്ങൾക്കു വഴങ്ങും. ഇവയിൽ സർവകാല ഹിറ്റ് ഡിസൈൻ, കൃഷ്ണനും രാധയും, മയിലും ഒക്കെയാണ്. വിദേശത്തു നിന്ന് കൂടുതൽ ഓർഡർ ലഭിക്കുന്നതും ഇതിനു തന്നെയെന്ന് കച്ചവടക്കാർ പറയുന്നു.
1975-കളിലാണ് സൂറത്തിൽ നിന്ന് കസവ് ആദ്യമായി കുത്താമ്പുള്ളിയിലെത്തിയത്. തറിയിലെ മെഷീനിൽ ജക്കാർഡ് എന്ന അച്ചിട്ടാണ് ഡിസൈൻ അടിക്കുന്നത്. അപ്ലിക് വർക്കുകളുടെ ഇക്കാലത്ത് അതിനാണ് ആവശ്യക്കാർ കൂടുതൽ. ടിഷ്യൂ സാരികളിൽ ചിത്രങ്ങൾ വച്ച് ഓവർലോക്ക് ചെയ്ത് പിടിപ്പിക്കുന്നതാണ് അപ്ലിക് വർക്ക്. ഒരു കോട്ടൺ നൂലും ഒരു കസവുനൂലും കൂടിയ ഇഴ പാകിയാണ് ടിഷ്യൂ സാരി നിർമ്മിക്കുന്നത്. കുത്താമ്പുള്ളിയിലെ കലാകാരന്മാർ ഡിസൈനുകൾ ഗ്രാഫ് പേപ്പറിൽ വരയ്ക്കും, പിന്നെ, ഇത് പഞ്ചിംഗ് കാർഡായി മാറ്റും. തറിയിലെ ജക്കാർഡിൽ ഈ കാർഡ് പിടിപ്പിച്ച് അതിന് അനുസൃതമായ നാടകളിലൂടെ കസവു നൂലുകൾ കടത്തിവിട്ടാണ് സാരിയിൽ സിഡൈൻ നെയ്യുന്നത്.
മുദ്രകളോടു കൂടിയ കലങ്കാരി സാരിയാണ് മറ്രൊരു ട്രെൻഡിംഗ് ഐറ്റം. സെറ്റ് സാരിയിലും മറ്റും കലങ്കാരി ഡിസൈനുകളിലെ കരകൾ പിടിപ്പിച്ചുള്ള കുത്താമ്പുള്ളി സ്റ്റൈൽ ഇതിനകം ലോകവിപണി കീഴടക്കിക്കഴിഞ്ഞിട്ടുണ്ട്. ടിഷ്യൂ സാരികളിലെ മ്യൂറൽ പ്രിന്റുകൾക്ക് എന്നും നല്ല വിലയുണ്ട്. മുന്താണിയിൽ വർക്കുകളുള്ള സാരിയും രണ്ട് നിറങ്ങളിലുള്ള സാരികളും ഇപ്പോൾ ട്രെൻഡിംഗാണ്. ലളിതമായ വർക്കുകൾ ഉള്ള സാരി നെയ്തെടുക്കാൻ ഒരു ദിവസം മതിയാകും. കൂടുതൽ വർക്ക് വേണ്ടുന്ന സാരി നെയ്യാൻ കുറഞ്ഞത് മൂന്നു ദിവസമെടുക്കും. ഒരുമാസത്തോളം സമയമെടുത്ത് ചെയ്തുകൊടുക്കുന്ന സാരികളുമുണ്ട്, കല്യാണങ്ങൾക്കാണ് അവ ഉപയോഗിക്കാറെന്ന് രാമസ്വാമി ആൻഡ് സൺസ് ഉടമ ജയരാജ് പറയുന്നു.
കസവുമുണ്ടും സാരിയുമെല്ലാം ഇവിടെ തറികളിൽ ജന്മമെടുക്കുമ്പോൾ ഈ കൊച്ചു ഗ്രാമത്തിൽ തൊഴിലില്ലായ്മ ഇല്ലേയില്ല. എല്ലാ വീട്ടിലും ഇരുചക്ര, മുച്ചക്ര വാഹനങ്ങളും കാറുകളും. നെയ്തെടുക്കുന്ന വസ്ത്രങ്ങൾ വിപണിയിൽ കൊണ്ടുപോയി വിൽക്കുന്നതോടൊപ്പം ഷോറൂമുകളിൽ വിൽപ്പനയും തകൃതി. ഓണക്കാലത്താണ് നല്ല കച്ചവടം. വിവാഹ വസ്ത്രങ്ങൾക്കും വൻ ഡിമാൻഡാണ്. വീട്ടിൽത്തന്നെ നെയ്യുന്ന സാരിയുടെ കരപിടിപ്പിക്കുന്നത് സ്ത്രീകളായിരിക്കും. തുണികളിൽ മനോഹരമായ ചിത്രം പിടിപ്പിക്കൽ, വരച്ചുചേർക്കൽ എന്നു വേണ്ട എന്നും തിരക്കോട് തിരക്കുതന്നെ. 1972-ൽ രൂപീകരിച്ച സൊസൈറ്റിയുമുണ്ട്.
ഭൗമ സൂചിക ഗണത്തിൽപ്പെട്ട കുത്താമ്പുള്ളി കൈത്തറി വാങ്ങാനും നെയ്ത്തു പാരമ്പര്യം പഠിക്കാനും സഞ്ചാരികളും വിദ്യാർത്ഥികളും ഡിസൈനർമാരും കച്ചവടക്കാരും ഗുണഭോക്താക്കളും ഈ ഗ്രാമത്തിലെത്തുന്നു. അത്യാധുനിക യന്ത്രങ്ങളോടു കൂടിയെത്തിയ പവർലൂം വ്യവസായം ഇടക്കാലത്ത് കൈത്തറി മേഖലയ്ക്ക് തിരിച്ചടി ഏൽപ്പിച്ചിരുന്നു. എന്നാൽ, കേരളത്തനിമ നഷ്ടപ്പെടാത്ത വ്യത്യസ്ത നിർമ്മാണ രീതികൊണ്ട് ഗതകാല പ്രൗഢി തിരികെ പിടിക്കുകയാണ് കുത്താമ്പുള്ളി. പൈതൃകം മുറുകെപ്പിടിച്ച തലമുറ ഇന്ന് കുത്താമ്പുള്ളി കസവ് നെഞ്ചോടു ചേർത്തതോടെ കടൽ കടന്നും നെയ്ത്തുഗ്രാമത്തിെന്റ പെരുമ പടരുന്നു.
400 വർഷത്തെ പാരമ്പര്യം
കൊച്ചി രാജകുടുംബമാണ് വിശിഷ്ട വസ്ത്രങ്ങൾ നെയ്യുന്നതിനായി ബ്രാഹ്മണ വിഭാഗക്കാരായ, ദേവാംഗ സമുദായത്തിൽപ്പെട്ടവരെ നാനൂറു വർഷം മുമ്പ് കുത്താമ്പുള്ളിയിൽ കൊണ്ടുവന്ന് പാർപ്പിച്ചത്. ഇന്നത്തെ കർണാടകയിലാണ് അവരുടെ വേരുകൾ. കസവു പാവുകളും വർണനൂലുകളും ചേർന്നൊരുക്കുന്ന ശബ്ദമിശ്രണത്തിൽ ദേവാംഗ കുടുംബങ്ങൾ കണ്ണഞ്ചിക്കുന്ന കസവുകൾ നെയ്തെടുക്കാൻ തുടങ്ങിയതോടെ കുത്താമ്പുള്ളിയുടെ കീർത്തി നാടെങ്ങും പരന്നു. വെള്ളം ആവശ്യമുള്ള തൊഴിലായതിനാൽ നദീതീരങ്ങളിൽത്തന്നെ തമ്പടിച്ചായിരുന്നു നെയ്ത്ത്. കൊട്ടാരത്തിലേക്കുള്ള വസ്ത്രങ്ങൾ മാത്രം നെയ്തിരുന്ന ഇവർ പിന്നീട് നെയ്ത്ത് ഉപജീവന മാർഗമാക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് കുത്താമ്പുള്ളി ഗ്രാമത്തിൽ മൂവായിരത്തോളം പേർ കൈത്തറി നെയ്ത്തിലും അതുമായി ബന്ധപ്പെട്ട ഇടപാടുകളിലും ഉപജീവനം നടത്തുന്നു. ഒരു ഗ്രാമത്തിലെ സമുദായാംഗങ്ങൾ മുഴുവൻ ഒത്തുചേർന്ന് പ്രത്യേക ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ദൃശ്യം... അതൊരു മനോഹരമായ അനുഭവം തന്നെയാണ്. നെയ്ത്തു പെരുമയുമായി കുടിയേറിയ ഇവരുടെ ആചാരാനുഷ്ഠാനങ്ങൾക്കും വൈവിദ്ധ്യങ്ങളേറെയാണ്. തമിഴിന്റെ തെളിമയോടെയും മലയാളത്തിന്റെ ലാളിത്യത്തോടെയും തനതു സംസ്കാരത്തിന്റെ ഊടും പാവും തെറ്റാതെ നെയ്തെടുത്ത ജീവിതരീതിയാണ് കുത്താമ്പുള്ളിയെ നയിക്കുന്നത്. കുലദേവത സൗഡാംബിക എന്ന ചാമുണ്ഡീശ്വരി ദേവിക്ക് കുത്താമ്പുള്ളിയുടെ നിത്യജീവിതത്തിലും സംസ്കാരത്തിലും ചെറുതല്ലാത്ത സ്വാധീനമുണ്ട്.
മകരം ഒന്നിന് തൈപ്പൊങ്കൽ ആഘോഷിക്കുന്ന കുത്താമ്പുള്ളി അന്ന് അക്ഷരാർത്ഥത്തിൽ അണിഞ്ഞൊരുങ്ങും. ചാണകപ്പൊടി നനച്ച് പാകിയ നെൽവിത്തുകൾ വെയിലും വെളിച്ചവും ഏൽക്കാതെ തട്ടുകളിൽ വളർത്തുന്നു. സ്ത്രീകളാണ് ഇതു ചെയ്യുന്നത്. പൊങ്കൽ ദിനത്തിൽ പ്രത്യേക പൂജകൾക്കു ശേഷം വാദ്യഘോഷങ്ങളോടെ ഊരുചുറ്റി പൊങ്കൽ നിളയിലൊഴുക്കും. സ്ത്രീകൾ താലിച്ചരട് മാറ്റുന്ന ധനുമാസത്തിലെ തിരുവാതിരയും പുരുഷന്മാർ പൂണൂൽ മാറ്റുന്ന ആവണി അവിട്ടവും നവരാത്രി പൂജയും ഇവിടത്തെ പ്രധാന ആഘോഷങ്ങളാണ്. ഇവിടത്തെ ഉത്സവങ്ങൾക്ക് ആനയും വെടിക്കെട്ടുമില്ല. ദേവിയെ എഴുന്നള്ളിക്കാനും മറ്റുമായി രഥമുണ്ടാക്കി (ചപ്രമഞ്ചം) അലകുസേവ എന്ന ചടങ്ങുണ്ട്. ആചാരാനുഷ്ഠാനങ്ങളിലെല്ലാം സ്ത്രീകൾക്കാണ് പ്രാമുഖ്യം.
വീടുകളിൽ നെയ്തെടുക്കുന്ന തുണികൾ തലച്ചുമടായി തൃശൂരിലും മറ്റും കൊണ്ടുപോയി വിൽക്കുന്നതായിരുന്നു പഴയ രീതി. പിന്നീട് കാലത്തിന് അനുസരിച്ച് നെയ്ത്തു വ്യവസായം വളർന്നു. മൂന്നര പതിറ്റാണ്ടായി കേരളത്തിലെമ്പാടുമുള്ള വിവിധ വസ്ത്രശാലകളിലേക്ക് മൊത്തക്കച്ചവടത്തിനായി കുത്താമ്പുള്ളിയിൽ നിന്ന് വസ്ത്രങ്ങളെത്തുന്നു. കേരളത്തിനു പുറത്ത് ഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ നഗരങ്ങളിലും, രാജ്യത്തിനു പുറത്ത് യു.എ.ഇ, ഓസ്ട്രേലിയ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലും കുത്താമ്പുള്ളി ബ്രാൻഡിൽ കൈത്തറി വസ്ത്രവിസ്മയങ്ങൾ വിൽപനയ്ക്കുണ്ട്. കഴിഞ്ഞ അഞ്ചാറു വർഷത്തിനിടയിലെ മാറ്റമാണ് വഴിയോരങ്ങളിലെ തുണിക്കടകളും മറ്റുമായി ഇന്നു കാണുന്ന കുത്താമ്പുള്ളിയുടെ പുതിയ മുഖം.
അമ്പരപ്പിക്കും
പ്രൈസ് ടാഗ്!
ഗുണനിലവാരമുള്ള തുണിത്തരങ്ങൾ ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയിൽ വാങ്ങാമെന്നതാണ് കുത്താമ്പുള്ളിയിലെ പ്രത്യേകത. കൈത്തറിയിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളും മെഷീൻ തറിയിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളും ഇവിടെ കിട്ടും. മൂന്നിഞ്ച് കരയുള്ള കൈത്തറി മുണ്ടിന് 2500 രൂപ വിലയുള്ളപ്പോൾ, മെഷീൻ തറിയിൽ നെയ്തെടുക്കുന്ന ഇതേ കരയുള്ള മുണ്ടിന് 600 രൂപ മുതൽ 700 രൂപ വരെയേ വിലയുള്ളൂ. കൈത്തറിയുടെ പ്രൗഢി വേണ്ടവർക്ക് അതും, വിലക്കുറവ് വേണ്ടവർക്ക് അങ്ങനെയും തിരഞ്ഞെടുക്കാനുള്ള ശേഖരം കുത്താമ്പുള്ളിയിലുണ്ട്. കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങൾ വാങ്ങാനെത്തുന്നവരെ കുത്താമ്പുള്ളിയിലെ പ്രൈസ് ടാഗ് അമ്പരപ്പിക്കുമെന്നതിൽ സംശയമില്ല.
കോടി മുണ്ടുകൾക്ക് 200 രൂപ മുതലും കസവു കരയുള്ള ഡബിൾ മുണ്ടിന് 475 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. കര മാത്രമുള്ള മുണ്ടിന് 400 രൂപ. വിവാഹ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന ഗോൾഡൻ, സിൽവർ കരയുള്ള കോട്ടൺ മുണ്ടുകൾ 350 രൂപ മുതൽ കിട്ടും. കൈത്തറി കാവി മുണ്ടിന് 175 രൂപ. മുണ്ടുകളുടെ വിലനിലവാരം ഇങ്ങനെ പോകുമ്പോൾ കുത്താമ്പുള്ളി സ്പെഷ്യൽ സെറ്റും മുണ്ടും 165 രൂപ മുതൽ ലഭിക്കും. കോട്ടൺ സാരികൾ 550 രൂപ മുതൽ ലഭിക്കുമ്പോൾ കൈത്തറി ഫാൻസി സാരികളുടെ ആരംഭ വില 900 രൂപയാണ്. പ്രിന്റഡ് ചുരിദാർ മെറ്റീരിയൽ 650 രൂപ മുതൽ, സ്റ്റിച്ച് ചെയ്ത പാവാടയോടുകൂടിയ ദാവണി സെറ്റ് 1200 രൂപ മുതൽ. പട്ടുപാവാടയും ബ്ലൗസും 280 രൂപയ്ക്കും ആൺകുട്ടികൾക്കുള്ള മുണ്ടും ഷർട്ടും ചേർന്ന സെറ്റ് 240 രൂപയ്ക്കും വാങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |