ആലപ്പുഴ: നീന്തൽ രംഗത്തേയ്ക്ക് അനേകരെ തളർന്ന ഇടംകൈകൊണ്ട് കൈപിടിച്ചുയർത്തിയ കൈനകരി തൈയ്യിൽ വീട്ടിൽ ടി.ഡി.ബാബുരാജ് അറുപത്തിരണ്ടാം വയസിലും പരിശീലനക്കളരിയിൽ സജീവമാണ്. പമ്പയാറ്റിലാണ് പഠനം. വേനലവധിക്ക് കുട്ടികളുടെ എണ്ണം കൂടും. അപ്പോൾ പരിശീലനം ഹോട്ടലുകളിലെ നീന്തൽക്കുളങ്ങളിലേക്ക് മാറും. രണ്ടോ,മൂന്നോ ശിഷ്യന്മാരും ബാബുരാജിന്റെ കൂടെയുണ്ട്. പഠിക്കാനെത്തുന്നവരിൽ നിന്ന് ഫീസ് ചോദിച്ചുവാങ്ങില്ല എന്നതാണ് മറ്റൊരു പ്രത്യേകത. തരുന്നത് വാങ്ങും. തന്നില്ലെങ്കിൽ അതുമില്ല. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കുട്ടനാട്ടിൽ ഏത്സമയത്തും ആവശ്യമായുള്ള രക്ഷാമാർഗമാണ് നീന്തൽ.സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നീന്തൽപഠിക്കാൻ സാധിക്കാത്തവരുമുണ്ട്. അതുകൊണ്ടാണ് ഫീസ് നോക്കാതെ പഠിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. എൽ.ഐ.സി ഏജന്റാണ് ബാബുരാജ്. ആർ.ഡി.ഏജന്റായ ഷീബയാണ് ഭാര്യ.മക്കൾ:നേവി ഉദ്യോഗസ്ഥനും കനോയിംഗ് താരവുമായ ശിവശങ്കർ, ഉമാശങ്കർ (വിദ്യാർത്ഥി)
കൈനിറയെ
റെക്കാഡുകൾ
പന്ത്രണ്ട് വയസുള്ളപ്പോൾ മരത്തിൽ നിന്ന് വീണ് ഇടതുകൈ മുട്ടിന്റെ സ്വാധീനം നഷ്ടപ്പെട്ടെങ്കിലും നീന്തലിൽ നിരവധി റെക്കാഡുകൾ ബാബുരാജിന്റെ പേരിലുണ്ട്. 2018ൽ ചമ്പക്കുളം മുതൽ പുന്നമട വരെയുള്ള 26 കിലോമീറ്റർ ഏഴുമണിക്കൂർ 10 മിനിറ്രുകൊണ്ട് നീന്തി ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി. 2016ൽ മുഹമ്മ മുതൽ കുമരകം വരെ 10 കിലോമീറ്റർ നീന്തി ഏഷ്യൻ റെക്കാഡും കരസ്ഥമാക്കി. പാട്യാലയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.
ജലാശയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നീന്തൽ അറിയേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെവിടെയും സൗജന്യമായി പരിശീലനം നൽകാൻ തയ്യാറാണ്.
- ടി.ഡി. ബാബുരാജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |