ബീജിംഗ്: കാപ്പി ഇഷ്ടമുള്ളവരാണ് ഏറെയും. അതുകൊണ്ട് തന്നെ കാപ്പിയിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ ലോകമെമ്പാടുമുള്ള കഫേകൾ ശ്രമിക്കാറുണ്ട്. എന്നാൽ, ചൈനയിലെ ഷാങ്ങ്ഹായിയിലെ മെല്ലോവർ കോഫി കഫേ പുറത്തിറക്കിയ ഈ മാജിക് കാപ്പി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
നിങ്ങൾക്ക് മുന്നിൽ ഒരു കപ്പ് ചൂട് കാപ്പിയിരിക്കുന്നുവെന്ന് കരുതുക. അല്പ സമയത്തിനുള്ളിൽ അതിലേക്ക് മേഘങ്ങളിൽ നിന്ന് മഞ്ഞ് തുള്ളികൾ മഴയായി പെയ്തിറങ്ങുന്ന പോലെ സംഭവിച്ചാലോ.! അതും മധുരമുള്ള മഴ.! ഇതാണ് മെല്ലോവർ കഫേയുടെ മാജിക് കോഫിയുടെ പ്രത്യേകത. ' സ്വീറ്റ് ലിറ്റിൽ റെയ്ൻ " എന്നാണ് ഈ അടിപൊളി കാപ്പിയുടെ പേര്.
ചൂട് അമേരിക്കാനോ കാപ്പിയ്ക്ക് മുകളിൽ മേഘത്തെ പോലെ കനം കുറഞ്ഞ സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്നത് കോട്ടൺ കാൻഡി അഥവാ പഞ്ഞിമിഠായി ആണ്. കപ്പിന് നേർ മുകളിലായിട്ടാണ് കോട്ടൺ കാൻഡി സ്ഥാപിക്കുന്നത്. കാപ്പിയിൽ നിന്നുള്ള ചൂടേറിയ ആവി കോട്ടൺ കാൻഡിയിൽ തട്ടുന്നു. അപ്പോൾ കോട്ടൺ കാൻഡി ഉരുകി മഞ്ഞ് മഴ പോലെ താഴേക്ക് സാവധാനം പതിക്കുന്നു. ഒമ്പത് ഡോളറാണ് ഈ കാപ്പിയുടെ വില. ഷാങ്ങ്ഹായിക്ക് പുറമേ ബീജിംഗ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ മെല്ലോവർ കഫേയിലും ഈ കാപ്പി ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |