നാട്ടുവഴക്കത്തിന്റെ ഗവേഷണ വഴിയിൽ തിളങ്ങി നിന്ന വ്യക്തിയായിരുന്നു ഡോ. എം.വി.വിഷ്ണു നമ്പൂതിരി. എണ്ണമറ്റ നാടൻ കലകളും നാടൻ പാട്ടുകളും പഴഞ്ചൊല്ലുകളും മലയാളികൾക്ക് മുന്നിൽ അനാവരണം ചെയ്ത അദ്ദേഹത്തിന്റെ ജീവിതം പുരാവൃത്തം തേടിയുള്ള യാത്രയായിരുന്നു. കേരളത്തിലെ കാവുകളിലും തറവാടുകളിലും ജനപഥങ്ങളിലുമെല്ലാം അദ്ദേഹം സഞ്ചരിച്ചു. നൂറ്റാണ്ടുകളായി തലമുറകളിലൂടെ പകർന്നു വന്ന ലാവണ്യം കലർന്ന ജീവിത സമീപനം തിരിച്ചറിഞ്ഞ് ആസ്വാദകർക്കു മുമ്പിൽ സമർപ്പിച്ചു.
ഗ്രാമീണരുടെ ചുണ്ടുകളിൽ ജീവിക്കുന്ന മൊഴികളെ ശേഖരിച്ച് മലയാള സാഹിത്യത്തിന് മുതൽ കൂട്ടി എന്നതാണ് നമ്പൂതിരി മാസ്റ്ററുടെ സവിശേഷത. സ്വന്തമായി ഒന്നും കാംക്ഷിക്കാതെയാണ് നാടിന്റെ സംസ്കാര പൈതൃകം തേടി അദ്ദേഹം പുറപ്പെട്ടത്. എഴുത്തിന് വേണ്ടി മാത്രം ജീവിച്ച പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ക്ലേശങ്ങളുടെ ദുരിത വഴികൾ താണ്ടിയാണ് അദ്ദേഹം മാനവികതയുടെ തോറ്റം പാട്ടുകാരനായത്. ഫോക്ലോർ എന്നത് സമഗ്ര പഠനം ആവശ്യപ്പെടുന്ന മേഖലയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലുകളെല്ലാം ആധികാരികവും ശ്രദ്ധേയവുമായ നിഗമനങ്ങളാണ്. നാടോടി വിജ്ഞാനീയ ശാഖയ്ക്ക് ഊർജ്ജസ്വലതയോടെ നവീനമായ മുഖത്തെഴുത്ത് നടത്തിയ നമ്പൂതിരി മാസ്റ്റർ ഏറെ വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. നാടൻ ഗവേഷണ ഗ്രന്ഥങ്ങൾ കൊണ്ട് അറിവിന്റെ പത്തായപ്പുര നിറച്ച ഈ കൊയ്ത്തുകാരന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. ചരിത്ര പ്രസിദ്ധമായ രാമന്തളിയിലെ കുന്നരു ഗ്രാമത്തിൽ നിന്നാണ് മാഷിന്റെ അന്വേഷണം തുടങ്ങിയത്. കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹം യാത്ര ചെയ്തു. ഗ്രാമങ്ങളെയും ജനജീവിതത്തെയും ആഴത്തിൽ പഠിച്ചു.
നമ്മുടെ അയൽക്കാരെയും നമ്മെ തന്നെയും മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒരു തലമുറയാണ് വളർന്നു വരുന്നതെന്ന് മാസ്റ്റർ സൂചിപ്പിക്കുകയുണ്ടായി. വൈദേശികമായതാണ് നല്ലതെന്ന് ധരിച്ച് സ്വന്തമായത് കൈവിട്ട് കളയുന്നവരാണ് നമ്മളിലേറെയും. നമ്മുടെ സാംസ്കാരിക ഘടകങ്ങളെല്ലാം കമ്പോള വസ്തുക്കളായി അധഃപതിച്ച് പോകുന്നു. ഇത്തരം മൂല്യ ശോഷണത്തെക്കുറിച്ച് പുതുതലമുറ ബോധവാന്മാരാകേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി. ഈ മൂല്യ ശോഷണത്തിന്റെ പ്രതിരോധത്തിന് നമ്മുടെ സംസ്ക്കാരത്തിന്റെ നിലയും വിലയും തിരിച്ചറിയണമെന്നും അദ്ദേഹം പറയു കയുണ്ടായി. ഫോക്കിന്റെ അറിവാണ് ഫോക്ലോർ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടും.
നാടൻ കലകളുടെ അപൂർവചാരുതയിലാണ് വിഷ്ണുമാസ്റ്റർ ജീവിച്ചത്. ഞാറുനടുന്ന സ്ത്രീകളുടെ പാട്ടിലും ചൂട്ടു വെളിച്ചത്തിൽ ഉറയുന്ന തെയ്യങ്ങളുടെ കാൽ ചലനങ്ങളിലും ജീവിതത്തിന്റെ തുടിപ്പുകൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പ്രൈമറി അദ്ധ്യാപകനായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതും തുടങ്ങിയത്. വാഹന സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഒരു ഗ്രാമത്തിൽ നിന്നാണ് അദ്ദേഹം നടന്നു തുടങ്ങിയത്. ഒരു വ്യക്തി ഒരു സംസ്കാരത്തിന്റെ ഉപജ്ഞാതാവായി തീരുന്ന അനുഭവമാണ് അദ്ദേഹത്തിൽ ദർശിക്കാനായത്. ഫോക്ലോർ നിഘണ്ടു ഉൾപ്പെടെ അനേകം ഗ്രന്ഥങ്ങൾ രചിച്ച് ആചാര്യ സ്ഥാനത്ത് നിലയുറപ്പിച്ച വിഷ്ണുമാസ്റ്റർ പിൽക്കാലത്തെ ഗവേഷകർക്കെല്ലാം വഴികാട്ടിയായി. ഫോക്ലോർ പഠനം ഒരർത്ഥത്തിൽ കീഴാള ജനതയുടെ വിമോചനത്തിനായുള്ള സാംസ്കാരിക പ്രവർത്തനമാണ്. പാട്ടും കൊട്ടും ചലനവും കൊണ്ട് തങ്ങളുടെ ദുരിതങ്ങൾ മറികടക്കുവാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. അവ അവരുടെ ജീവിതത്തെ വിമോചിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് മാസ്റ്റർ കണ്ടെത്തുന്നു.
ഗവേഷകനായ വിഷ്ണു നമ്പൂതിരി മികച്ച ഭാഷാദ്ധ്യാപകനായിരുന്നു. കുട്ടികളിൽ നിന്നുപോലും പലതും പഠിക്കുവാൻ അദ്ധ്യാപകർക്ക് കഴിയുമെന്ന് അദ്ദേഹം പറയും. തികഞ്ഞ നിശ്ചയ ദാർഢ്യത്തോടെയാണ് നാടോടി വിജ്ഞാന രംഗത്ത് അദ്ദേഹം ഇടപെട്ടത്. ഈ രംഗത്ത് സ്വന്തമായതും വ്യക്തവുമായ പുതിയൊരു സരണി വെട്ടിത്തുറക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ജനമനസുകളിൽ മാത്രം നിറഞ്ഞു കിടക്കുന്ന അറിവിനെ ടേപ്പ് റെക്കോഡിലാക്കിയാണ് അദ്ദേഹം പകർത്തിയെഴുതിയത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വീടുകളിൽ കയറി ചെല്ലാൻ അദ്ദേഹത്തിന് മടിയുണ്ടായില്ല. ജാതി-മത ചിന്തകൾക്കപ്പുറത്ത് മനുഷ്യനെ ഒന്നായി കാണാനും ആദരിക്കാനും അദ്ദേഹം ശ്രമിച്ചു. പുസ്തകങ്ങളും പേനയും കടലാസുമാണ് അച്ഛന്റെ ലോകമെന്ന് മകൾ ഡോ. എം.വി.ലളിതാംബിക ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ സന്തോഷവും സങ്കടവും സംതൃപ്തിയും അസ്വസ്ഥതയുമെല്ലാം പുസ്തകങ്ങളെക്കുറിച്ചായിരുന്നു. ഒരു കടലാസിലും പേനയിലും സന്തോഷം കണ്ടെത്തിയ മാസ്റ്റർ തന്റെ ബുദ്ധിമുട്ടുകളെല്ലാം വിസ്മരിക്കുമായിരുന്നു. മാസ്റ്ററുടെ സമർപ്പണത്തിന്റെ അനന്തരഫലങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ.
'മുഖദർശന" മാണ് അദ്ദേഹത്തിന്റെ ആദ്യ രചന. നാടൻ കലകളെ ഗൗരവത്തോട പരിചയപ്പെടുത്തുന്ന 16 ലേഖനങ്ങളുടെ സമാഹാരമാണിത്. മലയൻമാരും വണ്ണാൻമാരും മറ്റും പാടി മന്ത്രോച്ചാരണം നടത്തുന്ന പാട്ടുകളെക്കുറിച്ച് ആഴത്തിലുള്ള പഠനം തന്നെയാണ് ഈ ഗ്രന്ഥം. തെയ്യത്തെക്കുറിച്ച് മാത്രമല്ല നാട്ടുഭക്ഷണം, നാടൻ കളികൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. വടക്കൻ പാട്ടുകളെല്ലാം അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. ഊണിലും ഉറക്കത്തിലും ഫോക്ലോറിനെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. അദ്ധ്യാപനവും ഗവേഷണവും ആത്മ സമർപ്പണമായി കരുതിയ ഒരു ജീവിതമാണ് ഓർമ്മയായത്. ഉദാത്ത രചനകൾ കൊണ്ട് അനന്തര തലമുറയെ നാട്ടുസംസ്കാരത്തിലേക്ക് നയിക്കാൻ പരിശ്രമിച്ചു എന്നതാണ് വിഷ്ണു മാസ്റ്ററുടെ പ്രത്യേകത. അദ്ദേഹം എപ്പോഴും പ്രസന്ന മുഖനായിരുന്നു. ഏതു കാര്യവും ആധികാരികതയോടെ മാത്രമേ അദ്ദേഹം അവതരിപ്പിക്കാറുള്ളൂ. ഉപരിപ്ലവമായി ഒന്നും വിലയിരുത്തരുതെന്ന് അദ്ദേഹം ഉപദേശിക്കും. എഴുത്തിലും വിശ്വാസ്യത കാത്തു സൂക്ഷിക്കണമെന്നത് നിർബന്ധമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |