നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത സാധനങ്ങളാണ് ഉള്ളിയും വെളുത്തുളളിയും. ഇവ ഇല്ലാത്ത കറികൾ ചിന്തിക്കാൻ പോലും സാധിക്കില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണരീതികൾ വ്യത്യസ്തമാണെങ്കിൽ പോലും ഉളളിയും വെളുത്തുളളിയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജമ്മു കാശ്മീരിലെ കത്ര എന്ന നഗരത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ്. ഇവിടെ ഉളളിയും വെളുത്തുളളിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അനുവദനീയമല്ല.
അതിനോടൊപ്പം തന്നെ കത്രയിലെ മാർക്കറ്റുകളിലും ഉളളിയും വെളുത്തുളളിയും കാണാൻ പോലും കിട്ടില്ല. ഇത് കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. അതിനാൽത്തന്നെ കത്രയിലെ ഹോട്ടലുകളിൽ വെളുത്തുളളിയും സവാളയും ഉൾപ്പെടുന്ന വിഭവങ്ങളും കാണാൻ സാധിക്കില്ല. മതവിശ്വാസങ്ങളും ഭക്തിയും കർശനമായി പാലിച്ചുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. അതായത് പാവനമായ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുളള തീർത്ഥാടനം ആരംഭിക്കുന്നത് കത്രയിൽ നിന്നാണ്. തീർത്ഥാടന മേഖലയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനാണ് ഉളളിയും വെളുത്തുളളിയും നഗരത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ഹിന്ദു തത്വചിന്തയിൽ ഉളളിയും വെളുത്തുളളിയും തമസിക് ഭക്ഷണങ്ങളായാണ് കാണുന്നത്. ഇവ മനസിലും ശരീരത്തിലും അലസത, കോപം, തെറ്റായ ചിന്തകൾ എന്നിവ കൊണ്ടുവരും. അതിനാൽ പ്രാർത്ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോഴോ അവ കഴിക്കാൻ പാടുളളതല്ല. മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുളള പ്രധാന കവാടമാണ് കത്ര. അതിനാൽ കത്രയിൽ സാത്വികമായ അന്തരീക്ഷം ഉണ്ടായിരിക്കണം. അതിനാൽത്തന്നെ കത്രയിൽ ഏതെങ്കിലും സാഹചര്യത്തിൽ ഉളളിയോ വെളുത്തുളളിയോ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികളും നേരിടേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |