പൊതുവേ കുപ്പിവെള്ളത്തിന് ഇപ്പോൾ വലിയ ഡിമാൻഡാണ്. വീടിന് പുറത്തിറങ്ങുമ്പോൾ അസഹ്യമായ ചൂടും ക്ഷീണവും കാരണം നാം പലരും കുപ്പിവെള്ളത്തെ ആശ്രയിക്കാറുണ്ട്. പത്ത് രൂപ മുതലുള്ള കുപ്പിവെള്ളം വിപണിയിൽ ലഭ്യമാണ്. പക്ഷേ, ഒരു കുപ്പിവെള്ളത്തിന് 44 ലക്ഷത്തോളം രൂപ ( 60,000 ഡോളർ ) വിലമതിക്കുമെന്ന് കേട്ടിട്ടുണ്ടോ ?.
44 ലക്ഷമോ എന്ന് കേട്ട് ഞെട്ടേണ്ട. അങ്ങനെയും ഒരു കുപ്പിവെള്ളം ലോകത്തുണ്ട്. പേര് ' അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മൊഡിഗ്ലിയാനി ". ലോകത്തെ ഏറ്റവും വില കൂടിയ വെള്ളമെന്നാണ് ഇതറിയപ്പെടുന്നത്. ലോകത്തെ ശതകോടീശ്വരൻമാണത്രെ ഈ കുപ്പി വെള്ളം ഉപയോഗിക്കുക. കുപ്പിയുടെ പാക്കിംഗ് ആണ് അക്വ ഡി ക്രിസ്റ്റല്ലോയെ സൂപ്പർ റിച്ചാക്കുന്നത്.
സാധാരണ കുപ്പികളിൽ നിന്ന് വ്യത്യസ്തമായ ആകൃതിയാണ് സ്വർണത്തിലും വെള്ളിയിലും തീർത്ത അക്വ ഡി ക്രിസ്റ്റല്ലോയ്ക്ക്. കണ്ടാൽ ഒരു അവാർഡ് ശില്പം പോലെ തോന്നും. ഇതിനുള്ളിലെ 750 മില്ലി ലിറ്റർ വെള്ളത്തിലാകട്ടെ 24 കാരറ്റ് സ്വർണം അടങ്ങിയിട്ടുണ്ട്. 5 ഗ്രാം 24 കാരറ്റ് സ്വർണമാണ് വെള്ളത്തിൽ കലർത്തിയിട്ടുള്ളത്.
കൂടാതെ, ഫ്രാൻസ്, ഫിജി എന്നിവിടങ്ങളിലെ ജലപ്രവാഹങ്ങളിൽ നിന്നും ഐസ്‌ലൻഡിലെ ഹിമാനിയിൽ നിന്നും ശേഖരിച്ച ജലമാണ് അക്വ ഡി ക്രിസ്റ്റല്ലോ കുപ്പിയിലുള്ളത്. ഇത് കുടിക്കുമ്പോൾ സാധാരണ കുപ്പിവെള്ളം കുടിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഊർജം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഫെർണാണ്ടോ ആൽറ്റമിറാനോ എന്ന ഫ്രഞ്ചുകാരനാണ് അക്വ ഡി ക്രിസ്റ്റല്ലോ കുപ്പി ഡിസൈൻ ചെയ്തത്. ലോകത്തെ ഏറ്റവും വിലകൂടിയ കോന്യാക് ബോട്ടിലായ ഡൊഡോന്യൻ ഹെറിറ്റേജ് ഹെൻറി IV ഡിസൈൻ ചെയ്തതും ഇദ്ദേഹമാണ്. മനോഹരമായ ലെതർ പാക്കിംഗിലാണ് അക്വ ഡി ക്രിസ്റ്റല്ലോയെ ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |