യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒൻപതുമാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിതാ വില്യംസ് മാർച്ച് അവസാന വാരമാണ് ഭൂമിയിൽ തിരികെയെത്തിയത്. ബഹിരാകാശ നിലയത്തിലായിരിക്കെയുള്ള സുനിതയുടെയും മറ്റ് ബഹിരാകാശ സഞ്ചാരികളുടെയും ചിത്രങ്ങൾ ലോകം മുഴുവൻ കണ്ടിരുന്നു. ആ ചിത്രങ്ങളിലെല്ലാം മിക്കവാറും പേരും ശ്രദ്ധിച്ച കാര്യം സുനിത വില്യംസ് ഒരിക്കലും തന്റെ തലമുടി കെട്ടിയിരുന്നില്ല എന്നതാണ്. എന്തുകൊണ്ട് സുനിത വില്യംസ് അടക്കമുള്ള വനിതാ സഞ്ചാരികൾ മുടി കെട്ടുന്നില്ല എന്നതിന് ശാസ്ത്രപരമായ ഉത്തരമുണ്ട്.
ബഹിരാകാശത്തെ സൂക്ഷ്മ ഗുരുത്വാകർഷണത്തിൽ (മൈക്രോ ഗ്രാവിറ്റി) ഭൂമിയിലേതെന്നത് പോലെ മുടി താഴേക്ക് വീണുകിടക്കില്ല. ബഹിരാകാശത്ത് നിന്നുള്ള വനിതകളുടെ ചിത്രങ്ങളിലെല്ലാം മുടി മുകളിലേയ്ക്ക് ആയിരിക്കുന്നത് കാണാം. മുടി താഴേക്ക് വീണ് കിടന്ന് ബുദ്ധിമുട്ട് ഉണ്ടാക്കാത്തതിനാൽ അത് കെട്ടിവയ്ക്കാനുള്ള ബാൻഡുകളും മറ്റും ആവശ്യമായി വരില്ല. ബഹിരാകാശ സഞ്ചാരികൾ മുടി കഴുകാൻ ഷാംപൂവോ ഉണക്കാൻ ടവ്വലോ ഉപയോഗിക്കാറില്ല. അതിനാൽ മുടി കഴുകിയതിനുശേഷം വെറുതെ അഴിച്ചിട്ടാൽ പെട്ടെന്ന് ഉണങ്ങികിട്ടും. ഇതാണ് വനിതാ ബഹിരാകാശ സഞ്ചാരികൾ മുടി കെട്ടിവയ്ക്കാതെ അഴിച്ചിടുന്നതിനുള്ള കാരണം. ചിലർ മുടി കെട്ടിവയ്ക്കാൻ ഇഷ്ടപ്പെടാറില്ല, ഇതാണ് മറ്റൊരു കാരണം.
ബഹിരാകാശ സഞ്ചാരികൾ ചൂട് വെള്ളം കൊണ്ടാണ് മുടി കഴുകുന്നത്. ഇതിന്റെ ഒരു വീഡിയോ നാസ ബഹിരാകാശ സഞ്ചാരിയായ കാരെൻ നൈബർഗ് യുട്യൂബിൽ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |