കൊച്ചി: 'സാറേ, എനിക്കും കൂട്ടുകാർക്കും പഠിക്കാനും കഥപറഞ്ഞിരിക്കാനും നല്ലൊരു സ്കൂൾ കെട്ടിടം പണിതുതരുമോ"?. കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽ.പി സ്കൂളിലെ നാലാംക്ലാസുകാരി അമേയ വ്യവസായമന്ത്രി പി. രാജീവിന് അയച്ച കത്തിലെ നിഷ്കളങ്ക ചോദ്യമായിരുന്നു ഇത്. ഉത്തരം അതിവേഗം കിട്ടി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 9.30ന് നടത്തും.
അമേയയുടെ കത്ത് മന്ത്രി പി. രാജീവ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറിയതോടെ അതിവേഗത്തിലായിരുന്നു നടപടികൾ. കളമശേരിയിലെ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് അതിനകം 16 കോടിയിലേറെ അനുവദിച്ചിരുന്നെങ്കിലും അമേയയുടെ കത്ത് സർക്കാർ ഗൗരവത്തിലെടുക്കുകയായിരുന്നു. 2കോടി രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്.
കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ക്ലാസ് മുറികൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തിലുണ്ടാകും. അതിവേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |