കൊച്ചി: കൊവിഡിനെ തുടർന്ന് യാത്രക്കാരൊഴിഞ്ഞ മെട്രോക്കാലത്തിന് വിട. കൊച്ചി മെട്രോയിൽ വീണ്ടും തിരക്കേറി. കൊവിഡിന് മുമ്പ് 70,000 പേർ വരെ ഒരുദിവസം യാത്രചെയ്തിരുന്നു.
കൊവിഡിനുശേഷം സർവീസ് പുനരാംഭിച്ചപ്പോഴും ആദ്യം വലിയ മുന്നേറ്റമുണ്ടായില്ല. മൂന്നാംതരംഗത്തിന് മുമ്പ് 60,000 വരെ എത്തിയെങ്കിലും അതിന് ശേഷം കുത്തനെ താഴേക്ക് പോയി, 30,000 വരെയെത്തി. കഴിഞ്ഞ ശനിയാഴ്ച 48,000ൽ പരം പേർ യാത്രചെയ്തു. ഞായറാഴ്ച 42000 ആയിരുന്നു കണക്ക്.
വരുംദിനങ്ങളിൽ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷ. പത്തടിപ്പാലത്തെ തൂണിന് തകരാറുണ്ടായതിനെ തുടർന്ന് പത്തടിപ്പാലം-ആലുവ റൂട്ടിൽ സർവീസ് വെട്ടിക്കുറച്ചിട്ടും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് മെട്രോയ്ക്ക് പ്രതീക്ഷയേകുന്നു.
വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നതും ഷോപ്പിംഗ് മാളുകളിലെ വമ്പൻ ഓഫറുകളും മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെയെത്തിച്ചു. അവധിക്കാലത്ത് തിരക്ക് ഇരട്ടിക്കാനാണ് സാദ്ധ്യത.
ഇന്ന് പൂരത്തിരക്ക്
വനിതാദിനം പ്രമാണിച്ച് സ്ത്രീകൾക്ക് സൗജന്യയാത്രയുള്ളതിനാൽ ഇന്ന് മെട്രോയിൽ പൂരത്തിരക്കുണ്ടാകും. ഏതു സ്റ്റേഷനിൽ നിന്ന് ഏതുസ്റ്റേഷനിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഓഫർ.
സൗജന്യ മെൻസ്ട്ര്വൽ കപ്പ്
വനിതാദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളിൽ സൗജന്യ മെൻസ്ട്ര്വൽ കപ്പ് വിതരണം ഉൾപ്പടെ വിപുലമായ പരിപാടികളുമുണ്ടാകും. കലൂർ സ്റ്റേഡിയം സ്റ്റേഷൻ രാവിലെ 10.30ന് മെൻസ്ട്രുവൽ കപ്പ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും.
എച്ച്.എൽ.എൽ, ഐ.ഒ.സി, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെൻസ്ട്ര്വൽ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിൽ ഉണ്ടാകും.
• ഉച്ചയ്ക്ക് 2.30ന് പത്തടിപ്പാലത്തുനിന്ന് ജെ.എൽ.എൻ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെൻ സൈക്ലത്തോൺ.
• വൈകിട്ട് 4.30 ന് കലൂർ സ്റ്റേഷനിൽ ഫ്ളാഷ് മോബും ഫാഷൻ ഷോയും.
• മൂന്നുമുതൽ ആലുവ സ്റ്റേഷനിൽ സംഗീത വിരുന്നും മോഹിനിയാട്ടവും.
• നാല് മണിമുതൽ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതൽ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്. 4.30ന് ഏറ്റവും കൂടുതൽ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം.
• അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനിൽ എസ്.ബി.ഒ.എ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവും.
• 5.30 ന് ജോസ് ജംഗ്ഷനിൽ വനിതാദിന സാംസ്കാരിക പരിപാടി. ക്യൂട്ട് ബേബി ഗേൾ മൽസരം. മ്യൂസിക്കൽ ചെയർ മൽസരം. സെന്റ് തെരേസാസ് കോളെജ് വിദ്യാർത്ഥിനികളുടെ മ്യൂസിക് ബാൻഡ്.
• രാവിലെ 10.30ന് കെ.എം.ആർ.എൽ വനിത ജീവനക്കാർക്കായി ആയുർവേദ ചികിൽസാവിധികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |