SignIn
Kerala Kaumudi Online
Friday, 26 April 2024 5.42 PM IST

ഇത് മറക്കാൻ കഴിയാത്ത ഉപതിരഞ്ഞെടുപ്പ് അനുഭവം

election

കൊച്ചി: ജയമോ തോൽവിയോ എന്തുമാകട്ടെ, ഇങ്ങനെയൊരു തിരഞ്ഞടുപ്പ് അനുഭവം ഇതാദ്യമെന്ന് മൂന്നു മുന്നണിയുടെയും പ്രവർത്തകർ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം ജീവിതത്തെ മാറ്റി മറിച്ചുവെന്ന് രാഷ്‌ട്രീയക്കാർ പറയുന്നു. രാവിലെ പത്തു മണിക്ക് ബൂത്തിലെത്തി രാത്രി എട്ടു മണിയോടെ പ്രചാരണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു പഴയ ശീലം. എന്നാൽ മറ്റു ജില്ലകളിൽ നിന്ന് എത്തിയവർ ആ പതിവുകളൊക്കെ തെറ്റിച്ചു. അവരുടെ പ്രസരിപ്പും ചുറുചുറുക്കും ഇവിടെയുള്ളവർക്ക് വെല്ലുവിളിയായി. അവർക്ക് ഒപ്പം എത്താനുള്ള ഓട്ടത്തിൽ പുതിയ കാര്യങ്ങൾ പഠിച്ചു. മേലനങ്ങി പണിയെടുക്കാൻ പരിശീലിച്ചു. ശരിക്കും ഇതൊരു ഉത്സവകാലമായിരുന്നുവെന്ന് പാർട്ടി ഭേദമന്യെ എല്ലാവരും പറയുന്നു.

 ദിനചര്യ തിരുത്തി: യു.ഡി.എഫ്

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുമ്പ് മണ്ഡലത്തിൽ ഇറങ്ങിയ കോൺഗ്രസ് പ്രവർത്തകർ ഇന്നലെയാണ് നടുനിവർക്കുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തിരുത്തുകയായിരുന്നു ആദ്യ ദൗത്യം. സ്ഥാനാർത്ഥി കളത്തിലിറങ്ങിയതോടെ ജീവിതചര്യ ആകെ മാറി.

രാവിലെ തുടങ്ങിയുള്ള പ്രചാരണവും അവലോകന യോഗങ്ങളും കഴിഞ്ഞ് അർദ്ധരാത്രിയിലായിരുന്നു മടക്കം. ഇത്രയും അടുക്കും ചിട്ടയോടെയുമുള്ള ഒരു പ്രവർത്തനം കോൺഗ്രസിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രവർത്തകർ സമ്മതിക്കുന്നു. മറ്റു ജില്ളക്കാരായ വനിതകൾക്ക് താമസിക്കുന്നതിനായി പാലാരിവട്ടത്ത് ഫ്ളാറ്റ് ഏർപ്പാടാക്കിയിരുന്നു. മഹിളാ കോൺഗ്രസ് കൺട്രോൾ റൂം എന്നാണ് ഇതറിയപ്പെട്ടിരുന്നത്. പ്രചാരണത്തിനിടെ പ്രവർത്തകരിൽ ഭൂരിഭാഗത്തിനും വൈറൽ പനി പിടിപെട്ടു. അതൊന്നും കാര്യമാക്കാതെ എല്ലാവരും സജീവമായി.

 നേതാക്കൾ ഞെട്ടിപ്പിച്ചെന്ന് എൽ.ഡി.എഫ്

കണ്ണൂർ സഖാക്കളുടെ രീതികളും പ്രവർത്തനങ്ങളും കൊച്ചിയിലെ ഇടതുപക്ഷ പ്രവർത്തകർക്ക് പുതിയ അനുഭവമായി. സാധാരണ തിരഞ്ഞെടുപ്പ് കാലത്ത് രാവിലെ 9 നാണ് പ്രവർത്തകർ ബൂത്തിലെത്തുന്നത്. കണ്ണൂരുകാർ ഏഴിന് മുമ്പ് ഹാജരാകും. അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിക്കും. രാത്രി 12 കഴിഞ്ഞാലും അതേ ഉന്മേഷത്തോടെ പ്രവർത്തിക്കും.

നേതാക്കൾക്ക് ഒപ്പമുള്ള ഗൃഹസന്ദർശനങ്ങളും ഇവർ ഓർമ്മയിൽ സൂക്ഷിക്കുന്നു. ഓരോ വീട്ടിലെയും ഓരോ ആളിന്റെയും കാര്യങ്ങൾ തിരക്കി വിശേഷങ്ങൾ പറഞ്ഞ് അര മണിക്കൂർ നേരം ചെലവഴിച്ച് ഇറങ്ങാൻ നേരത്താവും വോട്ടിന്റെ കാര്യം ഓർമ്മിപ്പിക്കുന്നത്. കടുത്ത ഇടതുവിരുദ്ധരുടെ പോലും മനസിളക്കാൻ അന്യനാടുകളിൽ നിന്നുവന്ന നേതാക്കൾക്ക് കഴിഞ്ഞു. ചെറുപ്പക്കാരെ സംബന്ധിച്ചിത്തോളം തിരഞ്ഞെടുപ്പ് ആഘോഷമായിരുന്നു. മറ്റു ജില്ലകളിൽ നിന്നുള്ളവർ പാർട്ടി ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് താമസിച്ചിരുന്നത്. പ്രവർത്തകരുടെ വീടുകളിൽ നിന്നാണ് ഭക്ഷണമെത്തിച്ചത്. സന്തോഷകരമായ അനുഭവങ്ങൾക്ക് നന്ദിപറഞ്ഞ് നിറഞ്ഞ കണ്ണുകളോടെയാണ് സഖാക്കൾ തൃക്കാക്കരയിൽ നിന്ന് യാത്ര പറഞ്ഞത്.

 ആദ്യ അനുഭവമെന്ന് ബി.ജെ.പിയും

ഇതുപോലൊരു തിരഞ്ഞെടുപ്പ് പ്രചാരണം മുമ്പുണ്ടായിട്ടില്ലെന്ന് ബി.ജെ.പി പ്രവർത്തകരും പറയുന്നു. ഇന്നലെയാണ് സ്വസ്ഥമായി ഒന്നിരുന്നത്. ജോലിയും വീട്ടുകാര്യങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങി. ഒരു മാസം പെട്ടെന്ന് കടന്നു പോയെന്ന സങ്കടത്തിലാണ് പ്രവർത്തകർ. എല്ലാവർക്കും ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. 29 വാഹനങ്ങളാണ് അനൗൺസ്‌മെന്റിനുണ്ടായിരുന്നത്. സ്ഥാനാർത്ഥി എല്ലാവർക്കും കത്തുകളെഴുതി. പ്രവർത്തകർ എല്ലാ വീടുകളിലും രണ്ടും മൂന്നും പ്രാവശ്യമെത്തി. ബി.ജെ.പിയുടെ മുഴുവൻ നേതാക്കളും ജില്ലയിൽ ഉണ്ടായിരുന്നു. അവസാനദിവസങ്ങളിൽ സുരേഷ്‌ഗോപിയും പി.സി. ജോർജും എത്തിയത് പ്രവർത്തകർക്ക് ഉത്സവമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ELECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.