SignIn
Kerala Kaumudi Online
Friday, 26 April 2024 2.20 PM IST

കലാസമിതികളിലൂടെ കെട്ടിയാട്ടം: പിടിമുറുക്കി തെയ്യ കമ്പോളം

pekkolm

കണ്ണൂർ: വിവിധ സമുദായത്തിലുള്ളവർ ചെയ്യേണ്ടുന്ന ചടങ്ങുകളിലൂടെയും കടുത്ത വ്രതാനുഷ്ഠാനത്തോടെ തോറ്റിയുണർത്തുന്ന കോലധാരിയും ഉപാസനാപൂർവം ഭക്തജനങ്ങളും കൈക്കൂപ്പി തൊഴുത് വരവേല്കുന്ന തെയ്യങ്ങൾ വിവിധ കലാസമിതികൾക്ക് പണം വാരാനുള്ള കലാരൂപമാക്കുന്ന പ്രവണതയേറുന്നു. വിവിധ മന്ത്ര,​തന്ത്ര അനുഷ്ഠാനങ്ങളും നിശ്ചയിക്കപ്പെട്ട ആറ്റവും തോറ്റവുമൊക്കെയായി കാവുകളിലും കഴകങ്ങളും മുണ്ട്യകളിലും തറവാടുകളിലും കുടിയിരുത്തിയ പരദേവതകളെ പ്രാർത്ഥനാപൂർവം കെട്ടിയാടുന്ന കളിയാട്ടചടങ്ങുകളെ പാടെ അപമാനിക്കുന്ന തരത്തിലേക്കാണ് കലാസമിതികൾ വിവിധ ഇടങ്ങളിൽ തെയ്യത്തിന്റേത് എന്ന പേരിൽ രൂപങ്ങളെ എഴുന്നള്ളിക്കുന്നത്.

'ഭൈരവനൊണ്ട്,​ കുറത്തിയൊണ്ട്,​ കണ്ടനാർ കേളനൊണ്ട്"

ആറ്റുകാൽ പൊങ്കാല മഹോത്സവസമയത്ത് ആറ്റിങ്ങലിലെ കലാസമിതി കെട്ടിയ തെയ്യം ചാനലുകാരോട് സംസാരിക്കുന്ന ദൃശ്യങ്ങൾ വടക്കൻ ജില്ലകളിലെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒട്ടേറെ മന്ത്ര,​തന്ത്ര വിധികളും അനുഷ്ഠാനങ്ങളോടെയും വ്രതത്തോടെയും കെട്ടിയാടുന്ന കണ്ടനാർ കേളനും ഭൈരവനും കുറത്തിയും ഭഗവതിയും തങ്ങളുടെ കൈയിലുണ്ടെന്നാണ് ചാനലിൽ തെയ്യരൂപം സംസാരിക്കുന്നത്. മുടിയിൽ കലാസമിതിയുടെ പരസ്യവും പതിപ്പിച്ചാണ് തെയ്യക്കോലം വികൃതമായ ആട്ടം നടത്തുന്നത്. കൊല്ലം കല്ലുവാതുക്കൽ ദേവി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചും തൃശൂർ സി.അച്ചുതമേനോൻ സ്മാരക കോളേജ് ചരിത്ര വിഭാഗം സംഘടിപ്പിച്ച ഫിസ്റ്റോ കൾച്ചറിന്റെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിൽ തീചാമുണ്ഡി തെയ്യം കെട്ടിയതും വടക്കിനെ വലിയ അമർഷത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട്ട് തിറയാട്ട സമിതിയുടെ നേതൃത്വത്തിൽ മാർച്ച് മൂന്നിന് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ​ വടക്കരുടെ നെഞ്ചു കൊടുത്ത് ഉപാസിക്കുന്ന പഞ്ചുരുളിയോടൊപ്പം രക്ത ചാമുണ്ഡി, നാഗഭഗവതി,പൊട്ടൻ തെയ്യങ്ങളും കെട്ടിയാടിയിരുന്നു.

കഴകങ്ങളിലെത്തി കാണുന്നു വിദേശികളും

വടക്കൻ കേരളത്തിലെ ആരാധനാ രീതിയും അനുഷ്ഠാനവുമായ തെയ്യത്തെ ടൂറിസം മേളകളിലും പല പരിപാടികളുടെ വിളംബര ജാഥകളിലുമൊക്കെ ഉപയോഗിക്കുമ്പോഴേല്ലാം കടുത്ത പ്രതിഷേധവുമായി വിശ്വാസസമൂഹം രംഗത്തുവന്നിട്ടുണ്ട്. ഒരു കഴകത്തിൽ ഒരു വർഷത്തെ പല ആരാധനകളുടെ ഒടുവിൽ പ്രധാന ആരാധനയായാണ് തെയ്യത്തെ കെട്ടിയാടുന്നത്. ആരാധനാ രീതിയായി കണ്ട് യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമടക്കം ഗവേഷകരും മറ്റും കഴകങ്ങളിൽ എത്തി തെയ്യത്തെ പഠിക്കാൻ ശ്രമിക്കുന്നത് നാളുകളായുള്ള കാഴ്ചയാണ്. സ്വന്തം നിലയിൽ പണം ചിലവാക്കി തെയ്യത്തെ കെട്ടിയാടിക്കാൻ ഇവരോ പണത്തിന് വേണ്ടി തെയ്യം കെട്ടുന്ന ചെറുജന്മാവകാശികളായ സമുദായത്തിൽപെട്ടവരോ ഒരിക്കലും തയ്യാറായിട്ടില്ല.

കലയല്ല,​ കളിയാട്ടം

പ്രമുഖ കഴകങ്ങളിലൊന്നായ പെരിയ കല്യോട്ട് ഭഗവതിക്ഷേത്രത്തിൽ പെരുങ്കളിയാട്ടം 2019 ഡിസംബറിൽ നടന്നത് ക്ഷേത്രത്തിലെ രേഖകൾ പ്രകാരം 700 വർഷത്തിന് ശേഷമാണ്. ഇത്രയും കാലത്തെ ഇടവേളയ്ക്കൊടുവിലാണ് ഇവിടത്തെ പ്രധാന ആരാധനാമൂർത്തിയായ കല്യോട്ട് ഭഗവതിയുടെ കോലം ഭക്തജനങ്ങൾക്ക് അനുഗ്രഹമേകിയത്. ആരാധനകളിൽ പെട്ടതാണ് തെയ്യം കെട്ട് എന്നാണ് വടക്കിന്റെ സാക്ഷ്യം. ഓരോ തെയ്യങ്ങൾക്കും പ്രത്യേകം പ്രത്യേകം ക്രമങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ദേവനർത്തകരുടെ എഴുന്നള്ളത്തിനെ തെയ്യം വരവ് എന്നും വിളിക്കാറുണ്ട്.ഇവിടെ തെയ്യം എന്നത് വണ്ണാൻ,​ മലയൻ,​ വേലൻ,​ മാവിലൻ,​ നലിക്കദായ ,​പുലയ സമുദായക്കാർ കെട്ടിയാടുന്ന തെയ്യമല്ല,​ പകരം ആചാരസ്ഥാനീയനായ ദേവനർത്തകനാണെന്ന് ശ്രദ്ധേയമാണ്.

നോവിപ്പിക്കുന്ന മാർക്കറ്റിംഗ്

തെയ്യം കെട്ടാൻ ചെറുജന്മാവകാശമുള്ള സമുദായത്തിന് മാത്രമാണ് അവകാശം.അതുതന്നെ എല്ലാവർക്കും എല്ലാ തെയ്യങ്ങളും കെട്ടാനോ,​ ഒരാൾക്ക് ചെറുജന്മാവകാശമുള്ള ഇടത്ത് മറ്റൊരിടത്തുള്ള കോലധാരിക്ക് കെട്ടിയാടാനുള്ള അവകാശമോ ഇല്ല. ഇവിടെയാണ് കലാസമിതികളെന്ന പേരിൽ സംഘം രൂപീകരിച്ച് കേരളത്തിലും വിദേശങ്ങളിലും മറ്റും സാമ്പത്തികലാഭം മാത്രം കണക്കിലെടുത്ത് തെയ്യത്തിന്റെ കോലത്തെ അപഹസിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നത്. തുളുനാട്ടിലും ഉത്തര കേരളത്തിലുമുള്ള തെയ്യാനുഷ്ഠാന അന്തരീക്ഷം മറ്റ് സ്ഥലങ്ങളിൽ കിട്ടില്ലെന്നും അതുകൊണ്ടു തന്നെ ആചാരങ്ങളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് തെയ്യത്തെ അവഹേളിക്കരുതെന്നും അഭ്യർത്ഥിക്കുകയാണ് വിശ്വാസിസമൂഹം

കഥകളിയും ഓട്ടൻ തുള്ളലും ഭരതനാട്യവും പോലെയുളള കലാപ്രകടനമല്ല തെയ്യം. വ്രതനിഷ്ഠയോടെ അനുഷ്ഠാന ശാസ്ത്ര പ്രകാരമുള്ള വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയാൽ മാത്രമേ ഒരു തെയ്യം പൂർണതയിലെത്തുകയുള്ളു. അതിനെ കമ്പോള താത്പര്യത്തോടെ ഉപയോഗിക്കുന്നതിനെതിരെ കടുത്ത വിയോജിപ്പുണ്ട്

ഡോ. സഞ്ജീവൻ അഴീക്കോട് -സി.എം.എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.