SignIn
Kerala Kaumudi Online
Friday, 26 April 2024 11.41 PM IST

'സഹകരണ ക്ഷീരവിപ്ളവം'

milk

കണ്ണൂർ: സഹകരണ സംഘത്തിന്റെയും ചാരിറ്റബിൾ സൊസൈറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘങ്ങളായ ജനതാ പാലും ചെറുതാഴം പാലും ഓണവിൽപ്പനയിൽ റെക്കാർഡ് നേട്ടം കൊയ്തു. കൊവിഡ് കാലത്തെ ഇരട്ടി വിൽപ്പന ഇവരുടെ വിജയത്തിന് മാധുര്യം വർദ്ധിപ്പിക്കുന്നു.

സൈക്കിളിൽ പാൽ കൊണ്ടുനടന്നു വിറ്റ സംഘത്തിൽ നിന്ന് 80 കോടിയിലേറെ വിറ്റുവരവുള്ള പ്ലാന്റിലേക്കുള്ള ജനതാ പാലിന്റെ വളർച്ചയുടെ പിന്നിലുള്ളത് ക്ഷീരകർഷകരുടെ സമർപ്പണമാണ്. വിറ്റുവരവ് നൂറുകോടിയായി ഉയർത്താനാണ് ഇവരുടെ ലക്ഷ്യം. ഉത്തരമലബാറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പാലുത്പാദന സംഘമായി മാറിയ ജനത, പേഡ യൂണിറ്റിന് പുറമെ സോളാർ പവർ പ്ളാന്റുമൊക്കെയായി പുതുവിപണിയുടെ സാദ്ധ്യത തേടുകയാണ്. കമ്പനിയിൽ വേണ്ട വൈദ്യുതിയുടെ മുക്കാൽ ഭാഗവും സോളാറിൽ നിന്നു ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഇതിനെല്ലാം ഉപരി ജനതയിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് ക്ഷേമപെൻഷൻ ഏർപ്പെടുത്തി കാർഷികകേരള ചരിത്രത്തിൽ ജനത സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഓഹരി പിരിച്ച് തുടക്കം

1976 ൽ 19 ക്ഷീരകർഷകരിൽ നിന്ന് ഓഹരി പിരിച്ചാണ് ജനതാ പാലിന്റെ തുടക്കം. രണ്ടുവർഷം കഴിഞ്ഞപ്പോൾ ചാരിറ്റി സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. പയ്യന്നൂരായിരുന്നു ആദ്യകാല വിപണി. 2000–ലാണ് ആധുനിക രീതിയിലുള്ള പ്ലാന്റ് തുടങ്ങുന്നത്. ഇന്ന് 50,000 ലിറ്റർ പാലാണ് ജനത ഒരു ദിവസം വിപണിയിൽ എത്തിക്കുന്നത്.ഒരു ലക്ഷം പാൽ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമ്മാണത്തിലാണ്. തൈര്, നെയ്യ്, സംഭാരം എന്നിവയും ജനതയുടേതായി ദിവസേന വിപണിയിലെത്തുന്നു. നാലായിരത്തോളം വരുന്ന ക്ഷീരകർഷകരാണ് ജനതയുടെ പിന്നിലുള്ളത്. പയ്യന്നൂരിലും പരിസരപ്രദേശത്തുമായി അമ്പതോളം കേന്ദ്രങ്ങളിൽ നിന്ന് ജനത, പാൽ ശേഖരിക്കുന്നുണ്ട്. സഹകരണ സംഘങ്ങൾ വഴി പാൽ അളക്കാത്ത ക്ഷീരകർഷകർക്ക് പെൻഷൻ നൽകാനാവില്ലെന്ന സർക്കാർ നിലപാടിനെ, സ്വന്തം കൈയിൽ നിന്ന് അവർക്ക് പെൻഷൻ നൽകിയാണ് ജനത തോൽപ്പിച്ചത്.

വൈവിദ്ധ്യവത്കരണം ശക്തിപ്പെടുത്തുന്നതോടെ പാലിന്റെയും മറ്റു ഉത്പന്നങ്ങളുടെയും വിൽപ്പന വർദ്ധിപ്പിക്കാൻ കഴിയും. കൂടുതൽ ആകർഷകമായ പദ്ധതികൾ ആവിഷ്കരിക്കാൻ ആലോചനയുണ്ട്. വിജയത്തിന്റെ ഓരോ പടവും കയറുമ്പോഴും ഒപ്പം ചേർന്നുനിന്ന ക്ഷീരകർഷകരോടാണ് ജനതയുടെ കടപ്പാട്-

ടി. ശ്രീജിത്ത്, സെക്രട്ടറി, ജനതാപാൽ സൊസൈറ്റി

ചെറുതല്ല ചെറുതാഴം

ഓണ സീസണിൽ മാത്രം പ്രതിദിനം അരലക്ഷത്തോളം ലിറ്റർ പാൽ വിൽപ്പന നടത്തിയാണ് പിലാത്തറ ചെറുതാഴം ക്ഷീരസംഘത്തിന്റെ കുതിപ്പ്. കർഷകരിൽനിന്ന് സംഭരിക്കുന്ന പാൽ വൻതോതിൽ വർദ്ധിച്ചതോടെയാണ് സ്വന്തമായി പ്ലാന്റ് എന്ന ആശയം ഉദിച്ചത്.

അഞ്ചരക്കണ്ടി, മയ്യിൽ, പട്ടുവം, മാടായി, കണ്ണപുരം, ഏഴോം, കുഞ്ഞിമംഗലം, കുറ്റൂർ എന്നീ ക്ഷീരസംഘങ്ങളിൽ നിന്നാണ് പാൽ ശേഖരിക്കുന്നത്. 2.5 കോടി രൂപ ചെലവിലാണ് ചെറുതാഴം മിൽക്കിനായി ഡയറി പ്രോസസിംഗ് പ്ലാന്റ് യാഥാർത്ഥ്യമാക്കിയത്. ഇതോടെ കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പരമ്പരാഗത ക്ഷീരസംഘങ്ങളുടെ ബാക്കി വരുന്ന പാൽവിതരണം ചെയ്യാനുള്ള അവസരവും ലഭിച്ചു. ഇപ്പോൾ ജില്ലയിലെ എല്ലാ ഭാഗങ്ങളിലുമുള്ള പരമ്പരാഗത സംഘങ്ങളിൽ അധികം വരുന്ന പാൽ ശേഖരിക്കുന്നുണ്ട് ഇവർ. പ്രതിദിനം 13,000 ലിറ്റർ പാലാണ് ഇവിടെ പ്രോസസ് ചെയ്യുന്നത്. 40 ജീവനക്കാരും കണ്ണൂർ, കാസർകോട് ജില്ലകളിൽ അമ്പതോളം വിതരണക്കാരും സംഘത്തിനുണ്ട്. തൈര്, മോര്, നെയ്യ് എന്നിവയും ഉത്പാദിപ്പിക്കുന്നു. ചെറുകിട യൂണിറ്റുകൾ രൂപീകരിച്ച് പേഡ, ഐസ്‌ക്രീം, പനീർ നിർമ്മിക്കാനും സംഘത്തിനു ലക്ഷ്യമുണ്ട്.

നാടൻ പാലിന് ജില്ലയിലെമ്പാടും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് . വ്യവസായ വകുപ്പ് വേണ്ട സഹായങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. പാലുത്പാദനം ഉയർത്തി 2500 ലിറ്റർ പ്രോസസ് ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം-

കെ.സി തമ്പാൻ, പ്രസിഡന്റ്, ചെറുതാഴം ക്ഷീര സഹകരണ സംഘം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MILK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.