SignIn
Kerala Kaumudi Online
Friday, 26 April 2024 10.53 PM IST

സമ്മേളനമടുക്കുമ്പോൾ വിവാദം: കാസർകോട്ട് നേതാക്കളെ ലക്ഷ്യമിട്ട് സി.പി.എമ്മിൽ വീണ്ടും വിഭാഗീയത തലപൊക്കുന്നു

cpm

നീലേശ്വരം:പാർട്ടിസമ്മേളനം മുന്നിൽ നിൽക്കെ കാസർകോട് ജില്ലയിലെ സി.പി.എമ്മിൽ ചില നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം സജീവമാകുന്നു. മുൻകാലങ്ങളിലെ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുത്ത ചില നേതാക്കളെ ലക്ഷ്യമിട്ട് സോഷ്യൽമീഡിയയിലടക്കം വലിയ വിവാദങ്ങൾ ഉയർന്നുവന്നതോടെയാണ് ആസൂത്രിതനീക്കം സംബന്ധിച്ച് സൂചനകൾ പുറത്തുവരുന്നത്.

ഏറെക്കാലം പാർട്ടിയ്ക്ക് സംസ്ഥാനത്ത് തന്നെ തലവേദനയായ നീലേശ്വരം ഏരിയയിലെ വിഭാഗീയ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ചതിന് മുന്നിൽ നിന്ന മുൻ ഏരിയാസെക്രട്ടറിയും ഇപ്പോഴത്തെ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവിക്കെതിരെയാണ് സോഷ്യൽമീഡിയയിലടക്കം വ്യാപകമായ ആക്ഷേപങ്ങളുയരുന്നത്. കരിന്തളം ഗവ.കോളേജിന് താൽക്കാലിക കെട്ടിടമൊരുക്കുന്നതിനും മറ്റുമായി സ്വരൂപിച്ച പണം ടി.കെ.രവിയടക്കം മൂന്നുപേരുടെ ജോയിന്റ് അക്കൗണ്ട് മുഖേനയാണ് കൈകാര്യം ചെയ്തിരുന്നത്.ഈ തുക സ്വന്തം കാര്യങ്ങൾക്ക് ചിലവഴിച്ചുവെന്ന് കാട്ടി സംസ്ഥാനനേതൃത്വത്തിന് നീലേശ്വരത്തെ മുൻ വി.എസ് പക്ഷനേതാക്കളിലൊരാൾ പരാതി നൽകുകയായിരുന്നു. ഇതിന് പുറമെ കരിന്തളം കയനിയിൽ വൈദ്യുതി സബ് സ്റ്റേഷൻ സ്ഥാപിക്കുന്ന കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് കാട്ടി മറ്റൊരു പരാതിയും ഇതിനിടയിൽ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. നീലേശ്വരം ഏരിയാസെക്രട്ടറിയായിരിക്കെ ഓഫീസ് നിർമ്മാണത്തിനായി ചിട്ടി നടത്തിയത് സംബന്ധിച്ച ആരോപണവും വീണ്ടും ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ബി.ജെ.പി അടക്കമുള്ള പാർട്ടികൾ ഈ ആരോപണങ്ങൾ ഏറ്റെടുത്തതോടെ വിഷയത്തിന് ചൂടുപിടിച്ചിരിക്കുകയാണ്.

അതെസമയം ഒന്നരവർഷം മുമ്പ് നൽകിയതടക്കമുള്ള പരാതികൾ സമ്മേളനങ്ങൾ നടക്കാനിരിക്കെ ഉയർന്ന സാഹചര്യത്തിലാണ് വിഭാഗീയത സംബന്ധിച്ച സൂചനകൾ ഉയരുന്നത്. പ്രതിപക്ഷ പാർട്ടികളിൽ നിന്നല്ല പരാതികൾ ഉയർന്നതെന്നതാണ് ശ്രദ്ധേയമായ വസ്തുത. നീലേശ്വരം ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്നിരുന്ന വിഭാഗീയ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ചത് ടി.കെ.രവി ഏരിയാസെക്രട്ടറിയായിരിക്കെയായിരുന്നു. നിലവിൽ ജില്ലാകമ്മിറ്റിയംഗമായ ഇദ്ദേഹം പ്രവർത്തനമികവ് പരിഗണിച്ച് ജില്ലാസെക്രട്ടറിയേറ്റിൽ എത്താനുള്ള സാദ്ധ്യത നിലനിൽക്കെയാണ് വ്യക്തിപരമായ ആരോപണങ്ങളുയരുന്നതെന്നതും ശ്രദ്ധേയമാണ് . ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന ടി.കെ.രവി സംസ്ഥാന നേതൃത്വത്തിന് ഏറെ അഭിമതനായ നേതാവുകൂടിയാണ്.മികച്ച പ്രാസംഗികനും പാർട്ടി ക്ളാസുകൾ മികവോടെ കൈകാര്യം ചെയ്യുന്നയാളുമായ രവിക്ക് ലഭിക്കുന്ന സ്വീകാര്യത ഇല്ലാതാക്കുകയെന്ന ദൗത്യത്തിന് പിന്നിൽ ജില്ലയിലെ നേതാക്കളിൽ ചിലരുടെ ഒത്താശയുണ്ടെന്ന് ഇതിനകം ആരോപണമുയർന്നുകഴിഞ്ഞു.ആരോപണങ്ങളിൽ മിക്കതും അടിസ്ഥാനമില്ലാത്തതെന്ന് കണ്ട് പാർട്ടി നേരത്തെ തള്ളിക്കളഞ്ഞവയായിട്ടും ബി.ജെ.പി ധർണ നടത്തിയതിന് ശേഷം മാത്രമാണ് ജില്ലാനേതൃത്വം ഇതിനെതിരെ പത്രക്കുറിപ്പ് ഇറക്കാൻ തയ്യാറായതെന്നതും ശ്രദ്ധേയമാണ്.

കേന്ദ്രകമ്മിറ്റിയംഗത്തെ ലക്ഷ്യമിട്ടും നീക്കം

ജില്ലയിൽ പാർട്ടിയുടെ മുതിർന്ന നേതാവായ പി.കരുണാകരനെതിരെയും സോഷ്യൽ മീഡിയയിലടക്കം സമാനമായ നീക്കം നടക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണയമടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് സംസ്ഥാനനേതൃത്വത്തിൽ മുന്തിയ പരിഗണന ലഭിക്കുന്നതിൽ ഉള്ളിൽ കടുത്ത എതിർപ്പ് സൂക്ഷിക്കുന്നവരാണ് ജില്ലയിലെ മുതിർന്ന പല നേതാക്കളും. പ്രായപരിധി കണക്കിലെടുത്താൽ ഇക്കുറി കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും പി.കരുണാകരൻ ഉണ്ടാകില്ലെന്നതിനാൽ ജില്ലയിലെ പാർട്ടികാര്യങ്ങളിൽ ഇനിയങ്ങോട്ട് അവസാനവാക്കാവാനുള്ള സാദ്ധ്യതയും ഈ നേതാക്കൾ മുന്നിൽ കാണുന്നുണ്ട്. ഇദ്ദേഹത്തിന്റെ അടുപ്പക്കാരനാണെന്നതും ടി.കെ.രവിക്കെതിരെ ഉയർന്ന കഴമ്പില്ലാത്ത ആരോപണങ്ങളെ സമ്മേളനകാലത്ത് വലിയതോതിൽ ഉയർത്തിയവർക്കുണ്ടെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.