തലശ്ശേരി: ഗവ: ബ്രണ്ണൻ കോളേജിനെ രാജ്യത്തെ മികച്ച നൂറ് കോളേജുകളിൽ ഒന്നായി എൻ.ഐ.ആർ.എഫ്. തിരഞ്ഞെടുത്തു. അദ്ധ്യാപനം, ഗവേഷണം, പൊതു സമൂഹത്തിന് നൽകിയ സംഭാവനകൾ തുടങ്ങി ആറോളം ഘടകങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. കേന്ദ്ര കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) റാങ്കിംഗിൽ 97ാം റാങ്കുമായാണ് ഗവ. ബ്രണ്ണൻ കോളേജ് കേരളത്തിന്റെ അഭിമാനമായത്. നേരത്തെ ഹെറിറ്റേജ് കോളേജിനുള്ള അംഗീകാരവും നാക് എ പ്ലസ് അക്രഡിറ്റേഷനും ലഭിച്ച ഈ കലാലയം കേരളത്തിലെ മികച്ച കലാലയങ്ങളിലൊന്നാണ്.
പത്തൊൻപതാം നൂറ്റാണ്ടിൽ പ്രധാനമായും മംഗളൂരുവിലെ ബേസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച അപൂർവ്വവും ലഭ്യമല്ലാത്തതുമായ മലയാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന 21,600 പുസ്തകങ്ങളുള്ള സെൻട്രൽ ലൈബ്രറിയാണ് ബ്രണ്ണൻ കോളേജിലുള്ളത്. 2004 ൽ ഈ മലയാളം പ്രസിദ്ധീകരണത്തിന്റെ ഒരു ഇലക്ട്രോണിക് കാറ്റലോഗ് ലൈബ്രറിയും തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശിക ലിപിയിൽ തിരയൽ സംവിധാനമുള്ള ഏതൊരു ഇന്ത്യൻ ഭാഷയിലെയും ആദ്യ ഇലക്ട്രോണിക് കാറ്റലോഗ് ആണ് ഇത്. പ്രാദേശിക പഠനത്തിനുള്ള റഫറൻസിനായുള്ള ഒരു അദ്വിതീയ ഉറവിടമാണ് ലൈബ്രറി. ഒ.എൻ.വി, എം.എൻ. വിജയൻ, നോവലിസ്റ്റ് എൻ. പ്രഭാകരൻ തുടങ്ങി അതിപ്രശസ്തരായ അദ്ധ്യാപകരും സമുന്നതരായ വ്യക്തികളും ഈ കലാലയത്തിന്റെ സംഭാവനയാണ്.
എ.കെ.ജി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ. സുധാകരൻ എം.പി, കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ എം.പി പി. സതീദേവി, ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ, മുൻ മന്ത്രി എ.കെ ബാലൻ, പുതുച്ചേരി മുൻ മന്ത്രി ഇ. വത്സരാജ്, എ.കെ. പ്രേമജം, പാട്യം ഗോപാലൻ, ഇ. അഹമ്മദ് തുടങ്ങി ഒട്ടേറെ പേർ പൂർവവിദ്യാർത്ഥികളായുണ്ട്.
ബ്രണ്ണൻ സായ്പിന്റെ സ്കൂളിൽ നിന്ന്
തലശ്ശേരിയെ തന്റെ ഭവനമാക്കി മാറ്റിയ തലശ്ശേരി തുറമുഖത്തിന്റെ മാസ്റ്റർ അറ്റൻഡന്റായിരുന്ന ഇംഗ്ലീഷുകാരൻ എഡ്വേർഡ് ബ്രണ്ണൻ സ്ഥാപിച്ച സ്കൂളിൽ നിന്നാണ് കോളേജിന്റെ പിറവി. 125 വർഷത്തിലേറെ പഴക്കമുള്ള കോളേജ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2016ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ കോളേജിന് പ്രത്യേക പൈതൃക പദവി നൽകി. തലശ്ശേരി പട്ടണത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ വടക്ക് ധർമ്മടത്ത് ഒരു കുന്നാകെ പരന്ന് കിടക്കുകയാണ് ഈ കലാലയം. കാമ്പസിൽ അക്കാഡമിക് വകുപ്പുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സെൻട്രൽ ലൈബ്രറി, വിദ്യാർത്ഥി ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ്, അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലം എന്നിവ ഉൾക്കൊള്ളുന്ന 16.5 ഏക്കർ ഭൂമിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |