SignIn
Kerala Kaumudi Online
Friday, 26 April 2024 6.49 AM IST

ഒന്നാം പാർട്ടി കോൺഗ്രസ്സിലെ പെൺകരുത്ത്

yesoda
യശോദ ടീച്ചർ.

കണ്ണൂർ: ‘‘ഞങ്ങൾ ഭീരുക്കളായല്ല കൊലമരത്തിലേറുന്നത്. ഇത് ജനങ്ങളോട് പറയണം. ഞങ്ങൾ എന്തിനുവേണ്ടി ജീവിച്ചുവെന്നും എന്തിനാണ് മരിക്കാൻ പോകുന്നതെന്നും ആരും മറക്കാതിരിക്കാൻ പറയണം. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കണം'’–- 1943 മാർച്ച് 27ന് കണ്ണൂർ സെൻട്രൽ ജയിലിലെ അരണ്ട വെളിച്ചത്തിൽ കയ്യൂർ രക്തസാക്ഷികൾ ലോകത്തോട് പറഞ്ഞ ഈ വാക്കുകൾ പുറംലോകത്തെ അറിയിച്ചത് പി. യശോദ ടീച്ചറാണ്. ഇതിനു തൊട്ടുപിന്നാലെ മേയ്‌ അവസാനം മുംബയിൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസിൽ കേരളത്തിൽനിന്നും പങ്കെടുത്ത ഏഴു പേരിൽ യശോദ ടീച്ചറുമുണ്ടായിരുന്നു.

പി. കൃഷ്‌ണപിള്ള, ഇ.എം.എസ്‌, സി. ഉണ്ണിരാജ, കെ.സി ജോർജ്‌, എ.കെ തമ്പി, ബർലിൻ കുഞ്ഞനന്തൻ നായർ എന്നിവരോടൊപ്പം ഏക വനിതയായി യശോദ ടീച്ചറും. ഒന്നാം പാർട്ടികോൺഗ്രസിന്‌ മുന്നോടിയായി 1943 മാർച്ച്‌ 20, 21 തീയതികളിൽ കോഴിക്കോട്‌ നടന്ന സംസ്ഥാന സമ്മേളനത്തിലെ വനിതാ വളണ്ടിയർ ക്യാപ്‌റ്റനുമായിരുന്നു യശോദ ടീച്ചർ.

27ാം വയസിലാണ്‌ മുൻമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന കാന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യയായ കണ്ണൂർ കീച്ചേരിയിലെ യശോദ ടീച്ചർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്‌. സ്‌ത്രീകൾ പൊതുരംഗത്തേക്ക്‌ കടന്നുവരാത്ത കാലത്താണ്‌ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ കണ്ണൂരിൽനിന്ന് ഒരു വനിത പങ്കെടുത്തത്‌. സമ്മേളനത്തിൽ മഹിളാരംഗത്തെക്കുറിച്ച്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചതും ടീച്ചറാണ്‌. 93ാമത്തെ വയസ്സിൽ മരിക്കുന്നതു വരെ തീവ്ര കമ്മ്യൂണിസ്റ്റു മനസ്സുമായി ജീവിച്ച വ്യക്തി കൂടിയാണ് യശോദ ടീച്ചർ.

തൂലിക തീപ്പന്തമാക്കി

1916ൽ കീച്ചേരി അടിയേരി വീട്ടിൽ ജാനകിയുടെയും ധർമ്മടത്തെ പയ്യനാടൻ ഗോവിന്ദന്റെയും രണ്ടാമത്തെ മകളായി ജനിച്ച യശോദ ഒട്ടേറെ സാമൂഹിക മാറ്റങ്ങൾക്ക്‌ തുടക്കംകുറിച്ചു. 15ാം വയസിൽ കല്യാശേരി ഗേൾസ്‌ എയ്‌ഡഡ്‌ എൽ.പിയിൽ അദ്ധ്യാപികയായി. പെൺകുട്ടികൾ പഠിച്ചാൽ വഴിപിഴച്ചുപോകുമെന്ന്‌ വിശ്വസിച്ച സമൂഹത്തിൽനിന്നാണ്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവർ മുന്നിട്ടിറങ്ങിയത്‌. 1939ൽ സർട്ടിഫിക്കറ്റ്‌ റദ്ദുചെയ്‌തതിനെ തുടർന്ന്‌ അദ്ധ്യാപന ജോലി നഷ്ടപ്പെട്ടു. പിന്നീട്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തക. മൂന്നുവർഷത്തിനുശേഷം ജോലി തിരിച്ചുകിട്ടി.
1946ൽ ദിനപത്രമായി മാറിയ ദേശാഭിമാനിയിലൂടെ ടീച്ചറിലെ പത്രപ്രവർത്തകയും വളർന്നു. കാവുമ്പായി സമരസഖാക്കളെ പൊലീസ്‌ വെടിവച്ചുകൊന്നത്‌ ലോകത്തെ അറിയിച്ചതും ടീച്ചറുടെ വാർത്തകളാണ്‌. പൊലീസിന്റെ വേട്ടയാടലിൽനിന്ന്‌ രക്ഷപ്പെടാൻ നിരവധി പ്രദേശങ്ങളിൽ ഒളിച്ചുതാമസിച്ചു. കാവുമ്പായി കർഷക സമരം ഉൾപ്പെടെയുള്ള സമരഭൂമിയിലെ സാന്നിദ്ധ്യമായി. സമരപങ്കാളിയും പത്രപ്രവർത്തകയുമായി തുടരുമ്പോഴും ഒളിത്താവളങ്ങളിലെ സഖാക്കൾക്കുള്ള സന്ദേശങ്ങൾ കൈമാറലുകളും സമർത്ഥമായി നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.