പഴയങ്ങാടി: പ്രശസ്ത ശിൽപിയും ചിത്രകാരനുമായ കെ.കെ.ആർ.വെങ്ങരയുടെ പണിപ്പുരയിൽ ശ്രീനാരായണ ഗുരുദേവന്റെ പൂർണകായ ശിൽപം ഒരുങ്ങുന്നു. ചെറുതാഴം എസ്.എൻ.ഡി.പി. ശാഖയ്ക്ക് വേണ്ടിയാണ് ശിൽപം നിർമ്മിക്കുന്നത്. ചതയ ദിനത്തിൽ ശിൽപം അനാഛാദനം ചെയ്യും.
ഫൈബർ ഗ്ലാസിലാണ് ശിൽപനിർമ്മാണം. ഇതിനായി കളിമൺ മാതൃക തയാറാക്കിക്കഴിഞ്ഞു. ശിഷ്യൻമാരായ ഷാജി മാടായി .നാരായണൻ നരീക്കാംവള്ളി . നിഥിൻ ഗോപാലകൃഷ്ണൻ എന്നിവർ സഹായികളായും ഉണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയതന്ന ഖ്യാതിയുള്ള നാൽപത്തൊന്നടിഹനുമാൻ ശിൽപം കെ.കെ. ആർ വെങ്ങരയുടെ ഏറെ ശ്രദ്ധേയമായ സൃഷ്ടിയാണ്. പ്രശസ്ത കഥാകാരൻ എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നേവലിനെ ആധാരമാക്കി മാഹി പാർക്കിൽ ചെയ്ത നൂറടി നീളമുള്ള നോവൽ ശിൽപ പരമ്പരയും ഏറെ ശ്രദ്ധ നേടിയിരുന്നു.
വിവിധ സ്കൂളുകളിലടക്കം നിരവധിയിടങ്ങളിൽ ഈ കലാകാരന്റെ ഗാന്ധി ശിൽപങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.ഇന്ദിര ഗാന്ധി മുതൽ എ.കെ.ജി വരെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളുടെ ശില്പങ്ങളും ഇദ്ദേഹത്തിന്റെ കൈവിരുതിൽ ഒരുങ്ങിയിട്ടുണ്ട്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിൽ നിന്നും കലാദ്ധ്യാപകനായി വിരമിച്ച ശേഷം മുഴുവൻ സമയവും ചിത്ര ശിൽപ രംഗത്ത് സജീവമാണ് കെ.കെ.ആർ വെങ്ങര .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |