പഴയങ്ങാടി:രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ഭക്ത ജനങ്ങൾ ദേവവിഗ്രഹമേന്തിയ രഥം വലിച്ച് എഴുന്നള്ളിച്ചു. തച്ചുശാസ്ത്രത്തിലെ ധ്വജയോനി കണക്കിൽ 450 കോൽ തേക്കിൻ കാതലിലും 12 അടി ഉയരത്തിലുമാണ് രഥം നിർമ്മിച്ചിട്ടുള്ളത്. ദശാവതാരങ്ങളും ഗണപതിയുടെയുമൊക്കെ രൂപങ്ങൾ രഥത്തിൽ കൊത്തി വെച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ വ്രതശുദ്ധിയുള്ള സ്ത്രീ പുരുഷ ഭേദമന്യേയുള്ള ഭക്തർ രഥം വലിയിൽ പങ്കെടുത്തു. പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച രഥത്തിന് മുമ്പിൽ പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളയുടെയും അകമ്പടിയേകിയാണ് ക്ഷേത്രമുറ്റത്ത് നാല് പ്രദക്ഷിണം പൂർത്തിയാക്കിയത്. പ്രശസ്ത യുവ വാദ്യ കലാകാരൻ കലാനിലയം സതീശൻ മാരാർ അവതരിപ്പിച്ച തായമ്പകയുണ്ടായി. രഥപൂജക്ക് ശേഷമാണ് രഥം വലി ചടങ്ങുണ്ടായത്. രഥത്തിൽ നിന്ന് കനക വർഷവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |