കൊല്ലം: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതികൾ തിരികെ നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിൽ അറസ്റ്റിലായി. കൊട്ടിയം എൻ.എസ്.എസ് കോളേജിന് സമീപം തെങ്ങുവിള വീട്ടിൽ ഷാഹുൽ ഹമീദ് (23), തൃക്കോവിൽവട്ടം കുന്നുവിള വീട്ടിൽ വിനോദ് (39) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.
മുഖത്തല സ്വദേശിയായ അനന്തുവിനെ സംഘംചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ക്രിസ്മസ് ദിവസം രാത്രി 10.45 ന് പ്രതികൾ ഉൾപ്പെട്ട സംഘം അനന്തുവിനെ മാരകമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. അനന്തുവിന്റെ തലയിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. അക്രമി സംഘത്തിൽ ഉൽപ്പെട്ട മുഖ്യ പ്രതി വടക്കേമുക്ക് ഷർമി മൻസിലിൽ ഷഹാറിനെ ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് പിടികൂടിയിരുന്നു. വിദേശത്തേക്ക് കടന്ന മറ്റ് പ്രതികളെ പിടികൂടാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രതികളെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞ് വച്ച പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കണ്ണനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ബി.എൻ. ജിബി, സി.പി.ഒമാരായ മുഹമ്മദ് ഹുസൈൻ, വിഷ്ണു രാജ്, ഷാനവാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |