കൊല്ലം: പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (പിഎംജിഎസ്.വൈ) റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. 2025 മാർച്ച് 31ന് മുമ്പായി എല്ലാ റോഡുകളുടെയും പണി പൂർത്തീകരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യോഗത്തിൽ തിരുമാനമായി.
ഉന്നത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്. നിർമ്മാണ പ്രവൃത്തികളിൽ വീഴ്ച വരുത്തിയ കരാറുകൾ റദ്ദാക്കും. ഒറ്റയ്ക്കൽ റെയിൽവേ സ്റ്റേഷൻ ഉറുകുന്ന് നാൽപ്പതാം മൈൽ കാര്യമുക്ക് റോഡ്, അമ്പലംകുന്ന് ചെങ്കൂർപള്ളി വട്ടപ്പാറ പെരുപ്പുറം മീയ്യണ തെറ്റിക്കാട് റോഡ് നിർമ്മാണം ഡിസംബർ 31ന് മുമ്പായി പൂർത്തിയാക്കാമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും യോഗത്തെ അറിയിച്ചു.
കീഴ്ത്തലക്കോട് യുക്കാലിമുക്ക് കാഞ്ഞിരംവിള ആലുമുക്ക് മുട്ടോട്ട് തച്ചടി തോട്ടമുക്ക് റോഡ് ഫെബ്രുവരി 28 നും, കെട്ടുപ്ലാച്ചി ഇലവാരംകുഴി പാങ്ങപ്പാറത്തടം കിണറ്റുമുക്ക് ചർച്ച് റോഡ് 2025 ജനുവരി 15 ന് പൂർത്തീകരിക്കും വിധം നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. പുത്താർപാലം എൽ.എം.എസ് ജംഗ്ഷൻ ചെറുകാട് മുളപ്പമൺ സൈലോൺ പെന്താക്കോസ് ചർച്ച് റോഡ്, മാങ്കോട് തലവരമ്പ് അമ്പലമുക്ക് കാരിച്ചിറ സൈഡ് വാൾ കല്ലുവെട്ടാംകുഴി റോഡ് നിർമ്മാണ പ്രവൃത്തികൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കും.
അസുരമംഗലം കൊമ്പേറ്റിമല തിറ്റാക്കര അയത്തിൽ മധുരപ്പ ഗുരുമന്ദിരം റോഡ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ സമയബന്ധിതമായി തീർക്കാത്ത സാഹചര്യത്തിൽ കരാർ റദ്ദാക്കി പുതിയ ടെണ്ടറിനുള്ള അന്തിമ തീരുമാനം ഉടനുണ്ടാകും. കരാറുകാരന്റെ വീഴ്ചമൂലം പൊരീക്കൽ പാവൂർ കരിയ്ക്കകം ചീനിവിള വാണിച്ചോംകോട് കിളിത്തട്ട് ആനക്കുട്ടൂർ ഉമ്മന്നൂർ പുളിക്കുഴി റോഡിന്റെ കരാർ റദ്ദാക്കി പുതിയ കരാർ ഒപ്പിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |